കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസിൽപ്പെട്ട പോലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. നാളെ ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ നല്കും.
ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എഎസ്ഐ ടി.എം. ബിജു, മുൻ സിപിഒ ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവർക്കാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ രണ്ടു ദിവസമാണു വാദം നടന്നത്.
മൂന്നുദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു അന്വേഷണസംഘം ആവശ്യപ്പെട്ടത്. പ്രതികൾ ചെയ്ത കുറ്റം സംബന്ധിച്ചു വിശദമായി അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതി പ്രതികൾക്കു ജാമ്യമനുവദിക്കുകയായിരുന്നു. മുഖ്യപ്രതി ഷാനുവിന്റെ മൊഴിയില്ലെന്നും സാക്ഷിമൊഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
മൂന്നു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വലിയ ആഘാതമായി. കെവിൻ കേസിനെ ഇതു ബാധിക്കുമോ എന്ന സംശയവുമുണ്ട്. കെവിൻ കൊലക്കേസ് അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ഗിരീഷ് പി. സാരഥിക്കു പ്രതി ഷാനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസുകാർക്കെതിരെ കേസെടുത്തത്.
മൊഴി കൃത്യമായി കോടതിയിൽ സമർപ്പിക്കാത്തതും ജാമ്യം കിട്ടാൻ സഹായകമായി. സംഭവത്തിന്റെ തലേദിവസം രാത്രി പട്രോളിംഗ് നടക്കുന്പോൾ കൊലക്കേസിലെ മുഖ്യപ്രതി ഷാനുവും കൂട്ടാളികളും വന്ന കാർ പരിശോധിച്ചെന്നും കൈക്കൂലി വാങ്ങി വിട്ടയച്ചെന്നുമാണ് കേസ്. സംഭവം ഉന്നതോദ്യോഗസ്ഥരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഇവർ പ്രതികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുകയും ചെയ്തു.