കൊച്ചി: വരുമാന മാർഗങ്ങൾ ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്ന കൊച്ചി കോർപറേഷൻ ദൈനംദിന ചെലവുകൾക്കുപോലും ഫണ്ട് കണ്ടെത്താൻ നെട്ടോട്ടമോടുന്പോൾ മേയർക്ക് ആഡംബര കാർ വാങ്ങാൻ 25 ലക്ഷം രൂപയുടെ അനുമതി. നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട പ്ലാൻ ഫണ്ടിൽനിന്നാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഇതിനെതിരേ പ്രതിപക്ഷം കൗണ്‍സിലിൽ രൂക്ഷ വിമർശനമുന്നയിച്ചെങ്കിലും മേയർ മറുപടി പറയാൻ തയാറായില്ല. കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് പിഴ വിധിച്ച 9.12 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കാനാകാതെ കോടതിയലക്ഷ്യക്കേസ് നേരിടാനൊരുങ്ങുന്പോൾ ആഡംബരം കാണിക്കുന്നതിലുള്ള അമർഷത്തിലാണ് പ്രതിപക്ഷം.
നടപ്പ് സാന്പത്തിക വർഷത്തെ പദ്ധതി രേഖ ഇന്നലെ കൈയിൽ കിട്ടിയപ്പോൾ മാത്രമാണ് ഭൂരിഭാഗം കൗണ്‍സിലർമാരും കാർ വാങ്ങുന്ന കാര്യമറിഞ്ഞത്. പദ്ധതി രേഖയിലുള്ള എല്ലാ കാര്യങ്ങൾക്കും കൗണ്‍സിൽ അംഗീകാരം ഉണ്ടാകണമെന്ന് ചട്ടമിരിക്കെ, അജണ്ട പാസായതിലെ ആശ്ചര്യവും പ്രതിപക്ഷം ഉന്നയിച്ചു.
സാന്പത്തിക വർഷത്തിന്റെ അവസാന ദിവസമായ മാർച്ച് 31ന് തിരക്കിട്ട് മണിക്കൂറുകൾക്കുള്ളിൽ പാസാക്കിയ പദ്ധതിരേഖയിൽ പൊതുഭരണം ധനകാര്യം എന്ന ഇനത്തിലാണ് മേയറുടെ പുതിയ വാഹനത്തിന്റെ തുക എഴുതി ചേർത്തിരിക്കുന്നത്. അഞ്ചു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള വാഹനം മാറ്റി 25 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തീരുമാനമെന്നറിയുന്നു.