കുറച്ചധികം നാളുകളായി ജീവചരിത്ര സിനിമകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമായി കൂടെയുണ്ട്. മേരികോം, ഭാഗ് മില്‍ഖ ഭാഗ്, പാഡ്മാന് തുടങ്ങി അനേകം ചിത്രങ്ങള്‍ ബോളിവുഡിലെ ജിവചരിത്രസിനിമകള്ക്ക് ഉദാഹരണമാണ്. ഫുട്ബോള്‍ താരം സത്യന്റെ ജീവിതത്തെ ആസ്പദമാക്കി അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ ക്യാപ്റ്റന്‍ എന്ന ചിത്രവും ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥയും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും ഇത്തരത്തില്‍ സിനിമയാകുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവല്‍ ആണ് മോദിയായി അണിയറയില്‍ എത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ റാവല്‍ തന്നെയാണ് പുറത്ത് വിട്ടത്.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് റാവല്‍ പറയുന്നത്. തിരക്കഥാ രചന നടന്ന് കൊണ്ടിരിക്കുകയാണെന്നും വരുന്ന സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും പരോഷ് റാവല്‍ വ്യക്തമാക്കി.
1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.