തൃശൂർ(അഞ്ചേരി): വീടിനകത്ത് സൂക്ഷിച്ചിരുന്ന സീൽ പൊട്ടിക്കാത്ത പുതിയ ഗ്യാസ് സിലിണ്ടർ പുലർച്ചെ പൊട്ടിത്തെറിച്ചു.മേക്കാട്ടുകുളം സ്ട്രീറ്റിൽ പൊറത്തൂർ ബിജുവിന്റെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നുപുലർച്ചെ അഞ്ചിനാണ് സംഭവം.
വീടിന്റെ വർക്ക് ഏരിയക്കടുത്തുള്ള അടുക്കളയിലാണ് സിലിണ്ടർ വെച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വർക്ക് ഏരിയയിലെ ഗ്രില്ലിന്റെ ഇരുന്പു വാതിൽ ദൂരേക്ക് തെറിച്ച് പോയി. ഈ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ അടുക്കള ഭാഗത്താരും ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി.
വീടിന്റെ എല്ലാ ജനൽചില്ലുകളും പൊട്ടിത്തെറിയിൽ തകർന്നു. മൂന്നുകിലോമീറ്ററോളം ദൂരത്തേക്ക് സ്ഫോടന ശബ്ദം കേട്ടിരുന്നു. സമീപത്തെ മതിലും തകർന്നിട്ടുണ്ട്. വീടിന്റെ ചുമരുകൾക്ക് വിള്ളലേറ്റു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഭാരത് ഗ്യാസ് ഏജൻസിയുടെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കമാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നു.