വടക്കഞ്ചേരി: പോലീസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴിയടയ്ക്കൽ നടത്തി. നിർമാണപ്രവൃത്തികൾ ഇഴയുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ ഭീമാകാരമായ കുഴികളിൽ മെറ്റലിട്ടാണ് സിഐ പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കുഴിയടയ്ക്കൽ നടത്തുന്നത്. ഇതുമൂലം കുറച്ചുദിവസത്തേക്കെങ്കിലും വാഹനങ്ങൾക്ക് കുഴിയിൽ ചാടാതെ പോകാനാകും.
റോയൽ ജംഗ്ഷൻമുതൽ തൃശൂരിലേക്കുള്ള സർവീസ് റോഡിൽ ഹോട്ടൽ ഡയാനവരെയുള്ള ഒന്നരകിലോ മീറ്ററോളം ദൂരം മുഴുവൻ റോഡ് തകർന്ന നിലയിലാണ്. കാലവർഷം എത്തുംമുന്പേ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ള ഇവിടെ മഴ കനക്കുന്നതോടെ വാഹനഗതാഗതം സ്തംഭിക്കും.
സർവീസ് റോഡ് തകർന്നു വാഹനക്കുരുക്ക് ഉണ്ടാകുന്നതിനെക്കുറിച്ച് കഴിഞ്ഞ 29ന് ദീപികയിൽ പടം സഹിതം വാർത്ത നല്കിയിരുന്നു. ഇതേ തുടർന്നാണ് താത്കാലികമായെങ്കിലും കുഴിയടയ്ക്കാൻ ശ്രമം നടക്കുന്നത്.