മലപ്പുറം: എടപ്പാൾ തിയറ്റർ പീഡനക്കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിൽ ചങ്ങരംകുളം എസ്ഐയായിരുന്ന കെ.ജി.ബേബിയെ അറസ്റ്റു ചെയ്തു. എസ്ഐക്കെതിരെ പോക്സോ ചുമത്തിയിരുന്നു. അന്വേഷണം വൈകിപ്പിച്ചതിനു എസ്ഐയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തിൽ മലപ്പുറം എസ്പി പ്രതീഷ് കുമാറിനും തൃശൂർ റേഞ്ച് ഐജി അജിത്കുമാറിനും ഡിജിപിയുടെ വിമർശനം.
തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തത് ശരിയായ നടപടി അല്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു. മലപ്പുറം എസ്പിയെയും തൃശൂർ റേഞ്ച് ഐജിയെയും ഡിജിപി ശാസിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസിൽ വിവരം അറിയിക്കാൻ വൈകിയ തിയറ്റർ ഉടമയെ അറസ്റ്റു ചെയ്യുന്നതിൽ നിന്നു ഒഴിവാക്കാനാകില്ലെന്ന് മലപ്പുറം എസ്പി ഇന്നലെ പ്രതികരിച്ചിരുന്നു. എസ്പിയുടെ അറിവോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തത്. പോലീസിന്റെ നടപടികൾ സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഡിജിപി കീഴുദ്യോഗസ്ഥരെ ശാസിച്ചത്.
അതേസമയം, അറസ്റ്റ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ധരും പറയുന്നു. ചൈൽഡ് ലൈൻ വഴി വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ തയാറാവാതിരുന്ന പോലീസാണ് പോക്സോ നിയമപ്രകാരം കുറ്റം ചെയ്തതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൈൽഡ് ലൈനിനെ വിവരം ധരിപ്പിക്കുകയും തിയറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അവർക്ക് കൈമാറുകയും ചെയ്തോടെ വിവരം നിയമപരമായി റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത തിയറ്റർ ഉടമ പൂർത്തിയാക്കിയതായും നിയമവിദഗ്ധർ പറയുന്നു.
തിയറ്റർ ഉടമ ജുവനൈൽ പോലീസിനെയും ലോക്കൽ പോലീസിനെയും അറിയിച്ചില്ലെന്നും ഇക്കാര്യത്തിൽ പോലീസ് നടപടി എടുക്കാതിരുന്നാൽ തുടർന്നുള്ള കോടതി നടപടികളിൽ അക്കാര്യം വരുമെന്ന വാദമാണ് പോലീസ് ഉയർത്തിയത്.
വിവരം പുറത്തറിയിച്ച തിയറ്റർ ഉടമയോടുള്ള വൈരാഗ്യമാണ് പോലീസിന്റെ നടപടിയെന്നും വിമർശനം ഉണ്ടായിരുന്നു. ഉന്നതഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പോലീസിൽ ചിലർ ശ്രമിക്കുന്നതായി സിപിഎം കരുതുന്നു. മുഖ്യമന്ത്രി ഇന്നലെ തന്നെ ഇക്കാര്യത്തിൽ അതൃപ്തി പ്രകടപ്പിക്കുകയും ചെയ്തു. തുടർന്നു ഇതുസംബന്ധിച്ചു നിയമോപദേശം ആരായുകയും ചെയ്തു. തിയറ്റർ ഉടമയ്ക്കെതിരെ പോക്സോ ചുമത്താനും ചൈൽഡ് ലൈനിനെതിരെ നടപടിയെടുക്കാനുമുള്ള പോലീസിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.