മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പ്രവാസിയായ ആര്.എസ്.എസുകാരന് പ്രതിഷേധത്തിനൊടുവില്‍ മാപ്പു പറഞ്ഞു തടിയൂരി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക് മാപ്പ് തരണമെന്നും കൃഷ്ണകുമാര്‍ നായര്‍ പറഞ്ഞു. അത് മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തത്. എനിക്ക് ഒരു അബദ്ധം പറ്റിയതാണ് ഇനി ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയുണ്ടാവില്ല, എല്ലാ മലയാളികളും എന്നോട് പൊറുക്കു. കൃഷ്ണകുമാരന്‍ പറഞ്ഞു.
മന്ത്രി മണിയെ കുറിച്ച് പറഞ്ഞതിനോടും ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് ദുബായിയിലെ ക്യാമ്പില്‍ നിന്നും ഇയാള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. കേട്ടാലറയ്ക്കുന്ന തരത്തില്‍ പിണറായിയേയും മന്ത്രി എം.എം മണിയെ വംശീയമായും അധിക്ഷേപിച്ചു കൊണ്ടായിരുന്നു ഭീഷണി.
തനിക്ക് 2 ലക്ഷം രൂപ മാസശമ്പളമുണ്ടെന്നും സീനിയര്‍ സൂപ്പര്‍വൈസറാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്പളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
‘ചെത്തുകാരന്റെ മകന് ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട’. എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയിരുന്നു. മന്ത്രി എം.എം മണിയെ കരിങ്കുരങ്ങെന്നാണ് ഇയാള്‍ ആക്ഷേപിച്ചത്.