ഗാന്ധിനഗർ: കെവിൻ വധക്കേസിലെ പ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ പിതാവുമായ ചാക്കോയെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഹൃദ്രോഗിയാണെന്നും രണ്ട് ബ്ലോക്ക് ഉണ്ടെന്നും പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.
എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ ഹൃദ്രോഗമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഛർദിൽ അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ പോലീസ് കാവലിൽ കിടക്കുകയാണ്.ചാക്കോയെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. കസ്റ്റഡി സമയം ഇന്ന് അവസാനിക്കും.