കോഴഞ്ചേരി: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. മേലുകര മുരുക്കുകാലായിൽ ശിവന്റെ മകൻ ദിലു എസ്. നായരാണ് (25) കൊല്ലപ്പെട്ടത്. കോഴഞ്ചേരി ടൗണിലേക്കുള്ള വണ്‍വേ റോഡിലെ ബാർ ഹോട്ടലിനു സമീപം ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.
ബാറിൽവച്ച് ദിലുവുമായി മറ്റൊരാൾ സംഘർഷത്തിലേർപ്പെട്ടിരുന്നതായി പറയുന്നു. ഇതേത്തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് കുത്തേറ്റത്. പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു മരിച്ച ദിലു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുമ. സഹോദരങ്ങൾ: ദീപു, ബിലു.
സംഭവവുമായി ബന്ധപ്പെട്ട് ആറന്മുള തുരുത്തിമല സ്വദേശികളായ വിഷ്ണു (27), സുബിൻ (24) എന്നിവരെ രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സിഐ ബി. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.