പത്തനംതിട്ട: ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം കേരളാ പോലീസിനു മുമ്പിൽ ചോദ്യചിഹ്നമാകുന്നു. അവസാനമില്ലാത്ത അന്വേഷണമായി ഇതു നീളുന്പോൾ ഉന്നത ഉദ്യോഗസ്ഥർക്കടക്കം ഉറക്കംകെടുന്നു.ഓരോ ദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്ന് അന്വേഷണസംഘം. ഇവയിൽ ഏറെയും നാട്ടിലെ സംസാര വിഷയങ്ങളും.
വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല. ബന്ധുക്കളിൽ നിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. വിവരങ്ങൾ ശേഖരിക്കുന്നതിനായി പെട്ടി സ്ഥാപിക്കാനാണ് ഇനിയുള്ള നീക്കം. ജെസ്്നയെ കണ്ടെത്താം എന്ന അടിക്കുറിപ്പോടെ ഇതിനുള്ള പെട്ടി തയാറായിക്കൊണ്ടിരിക്കുന്നു.
ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്്ഡി കോളജ്, ജെസ്നയുടെ വീട് സ്ഥിതി ചെയ്യുന്ന മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിക്കും. ജെസ്നയെക്കുറിച്ചും തിരോധാനത്തെക്കുറിച്ചും അറിയാവുന്ന വിവരങ്ങൾ പേരു വെളിപ്പെടുത്താതെ തന്നെ എഴുതി പെട്ടിയിൽ നിക്ഷേപിക്കാനാകും. കോളജിലും പരിസരത്തും ബസ് സ്റ്റോപ്പുകളിലുമായി പത്തു പെട്ടികൾ സ്ഥാപിക്കാനാണ് തീരുമാനം.
ജെസ്നയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് ഒരുപക്ഷേ വിലപ്പെട്ട തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും പോലീസിനുണ്ട്. മിതഭാഷിയായ കുട്ടിക്ക് മൊബൈൽഭ്രമം ഇല്ലായിരുന്നു. ഇക്കാരണത്താൽ ജെസ്ന ഉപയോഗിച്ചിരുന്ന മൊബൈലിൽ നിന്നു കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പിന്നീട് ലഭിച്ചിട്ടുള്ള എല്ലാ സൂചനകളും പോലീസ് പരിശോധിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ്കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാർച്ച് 22നാണ് കാണാതാകുന്നത്. രാവിലെ വീട്ടിൽ തനിച്ചായിരുന്ന കുട്ടി പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുകയാണെന്ന് സമീപവാസികളെയും സഹോദരനെയും അറിയിച്ചശേഷമാണ് യാത്ര തിരിച്ചത്. എരുമേലി വരെ ജെസ്ന എത്തിയിരുന്നത് കണ്ടവരുണ്ട്.
പിന്നീട് വിവരങ്ങളൊന്നുമില്ല. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന ജെസ്ന പഠനത്തിലും മിടുക്കിയായിരുന്നു.സൈബർയുഗത്തിൽ അതിലൂടെ ലഭിക്കുന്ന തെളിവുകളാണ് പല തിരോധാനകേസുകളും വേഗത്തിൽ തെളിയിക്കുന്നത്. എന്നാൽ കാണാതായ പെണ്‍കുട്ടിയുടെ കൈവശം മൊബൈൽഫോണോ എടിഎം കാർഡോ ഇല്ലെന്ന് പോലീസ് പറയുന്നു.
ഇവയൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലും പല തിരോധാന സംഭവങ്ങളും തെളിയിച്ച പാരന്പര്യം കേരള പോലീസിനുണ്ടെന്നുള്ളതാണ് പ്രതീക്ഷയ്ക്കു വക നൽകിയിരുന്നത്. പ്രാദേശികമായി ഇപ്പോൾ നടക്കുന്ന അന്വേഷണം വിപുലീകരിക്കുന്നതിനു പിന്നിൽ ഉന്നതതല നിർദേശമുണ്ട്.
ഐജി മനോജ് ഏബ്രഹാം, പത്തനംതിട്ട എസ്പി ടി. നാരായണൻ എന്നിവർ എല്ലാദിവസവും അന്വേഷണപുരോഗതി വിലയിരുത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനമേഖലകൾ, ടൂറിസ്റ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം വിപുലമായ തെരച്ചിൽ നടത്തിയത്.