പത്തനംതിട്ട: ഒന്പതു വർഷം മുന്പ് റാന്നി തോട്ടമണ് വേലൻപറന്പിൽ നാരായണൻകുട്ടിയുടെ മകൻ രാജേഷ് (30) മരിച്ചത് പോലീസ് മർദനംമൂലമെന്ന പരാതിയിൽ നടപടി വരുമെന്ന കാത്തിരിപ്പിലാണ് മാതാപിതാക്കൾ. പോസ്റ്റുമോർട്ടം റിപ്പോർട്ട് അട്ടിമറിച്ച് രക്ഷപെട്ട ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യവുമായി ഇവർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കു നൽകിയ പരാതിയേ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ. മകന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരുന്നതുവരെ തനിക്കു വിശ്രമമില്ലെന്നുറച്ച തീരുമാനത്തിലാണ് 70 കാരനായ അച്ഛൻ നാരായണൻകുട്ടി.
ഒരു സ്ത്രീയെ ശല്യം ചെയ്തുവെന്ന പരാതിയിലാണ് രാജേഷിനെ 2009 സെപ്റ്റംബർ 14ന് റാന്നി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ഈ സ്ത്രീയും രാജേഷും അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഇവർ തമ്മിലുള്ള ബന്ധം മോശമായതിനേ തുടർന്ന് രാജേഷിനെ ഒഴിവാക്കാനാണ് അവർ പരാതിയുമായി പോലീസിൽ എത്തിയത്. പോലീസ് പരീക്ഷ പാസായി നിയമനം കാത്തിരിക്കുന്ന രാജേഷ് മോശമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
പരാതിക്കാരിയായ സ്ത്രീയുമായി സംസാരിച്ച് പ്രശ്നം ഒത്തുതീർക്കുകയും ചെയ്തു. എന്നാൽ നിയമനടപടിക്കു പകരം എല്ലാദിവസവും പോലീസ് സ്്റ്റേഷനിൽ എത്തി ഒപ്പിടാനാണ് നിർദേശിച്ചതെന്ന് നാരായണൻ കുട്ടി പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന രാജേഷ് തന്റെ ബുദ്ധിമുട്ട് പറഞ്ഞുവെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അസഭ്യവർഷം നടത്തുകയും പിതാവായ തന്നെപ്പോലും അപമാനിക്കുന്നതരത്തിൽ സംസാരിക്കുകയും ചെയ്തുവെന്ന് നാരായണൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
അന്നത്തെ റാന്നി സിഐ, എസ്ഐ, കോണ്സ്റ്റബിൾ എന്നിവർ രാജേഷിനെ ഇനി ഒരു ജോലിക്കു പോകാൻ പറ്റാത്ത നിലയിലാക്കും എന്നറിയിച്ചുവെന്ന് പരാതിയിൽ പറയുന്നു. പോലീസ് സ്റ്റേഷനിൽ നിന്നു പുറത്തുവന്ന രാജേഷ് രാത്രി ബോധം നഷ്ടപ്പെട്ട നിലയിലായി. തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും കോട്ടയത്തും എത്തിച്ചെങ്കിലും 15ന് വൈകുന്നേരത്തോടെ മരിച്ചു.
രാജേഷിന്റെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന രീതിയിൽ പോലീസ് പ്രചരിപ്പിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇത്തരത്തിലാണെന്നാണ ്ബന്ധുക്കളെ വിശ്വസിപ്പിച്ചത്. എന്നാൽ പിന്നീട് രാജേഷിന്റെ ചില ഡയറിക്കുറിപ്പുകൾ പരിശോധിച്ചതിൽ സ്ത്രീയും താനുമായുള്ള ബന്ധത്തിന്റെ പേരിൽ പോലീസ് ഏറെ പീഡിപ്പിച്ചതായി മനസിലാക്കി. പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായിട്ടുണ്ടെന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. പരാതിക്കാരായി സ്ത്രീ തന്നിൽ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബോധം നഷ്ടമായ ദിവസം പോലീസ് തലയ്ക്കു മർദിച്ചതായി പറയുന്നു. തലയ്ക്കു മർദനമേറ്റ വിവരം ഡോക്ടർമാരും തന്നോടു പറഞ്ഞിരുന്നതായി നാരായണൻകുട്ടി ചൂണ്ടിക്കാട്ടി. തലയ്ക്കേറ്റ പരിക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരാതിയുണ്ടായതോടെ മറ്റൊരു പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസ് ചമച്ചതായും ഇതിൽ വിഷം ഉള്ളിൽചെന്നതായി എഴുതിച്ചേർക്കുകയുമുണ്ടായി. ഏറെ നാളുകൾക്കുശേഷമാണ ്തന്റെ പരാതിയിൽ മഹസർ എഴുതാൻ പോലും പോലീസ് തയാറായത്.
രണ്ടാമത്തെ റിപ്പോർട്ടിൽ വിഷം ഉള്ളിൽചെന്നതാകാമെന്ന നിഗമനം ഉണ്ടെങ്കിലും രാസപരിശോധനാഫലത്തിൽ ഇക്കാര്യം പറയുന്നില്ല. തന്നെ പ്രതിയാക്കരുതെന്ന് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ നാരായണൻകുട്ടിയെ വിളിച്ചുപറഞ്ഞതും ദുരൂഹത വർധിപ്പിക്കുകയാണെന്ന് ഇവർ പറഞ്ഞു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പോലീസ് കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചതിനേ തുടർന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതെന്ന് നാരായണൻകുട്ടിയും ഭാര്യ സരസ്വതിയും പറഞ്ഞു.