കൊച്ചി: പോലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ, പ്രതിഷേധിച്ച് വിവധ സംഘടനകൾ എടത്തല പോലീസ് സ്റ്റേഷഷനിലേക്ക് മാർച്ച് നടത്തി. അതിനിടെ ഉസ്മാന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ടാണ് ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
സംഭവമറിഞ്ഞ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലൻസ് എത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
പോക്സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയിൽ കുഞ്ചാട്ടുകരയിലേക്കു പോയതെന്നും പ്രതിയുമായി തിരികേവരുന്ന വഴി ഉസ്മാന്റെ ബൈക്കിൽ മുട്ടിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.