കൊല്ലം: കൊല്ലം വഴി കടന്നു പോകുന്ന പന്ത്രണ്ട് ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുവാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുമതി നൽകി. ഹ്രസ്വദൂര യാത്രക്കാർക്ക് ദീർഘദൂര തീവണ്ടികളിൽ യാത്ര ചെയ്യുന്നതിനുളള സൗകര്യത്തിനു വേണ്ടി ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്ന്് എൻ.കെ. പ്രേമചന്ദ്രൻ എംപി. ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ ഡി-റിസർവ്ഡ് അനുവദിക്കുന്നതിനു നടപടി സ്വികരിക്കുമെന്ന് റെയിൽവേ മന്ത്രി പാർലമെന്റിൽ ഉറപ്പ് നൽകിയിരുന്നു. ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൊല്ലം വഴി കടന്ന് പോകുന്ന പന്ത്രണ്ട് ട്രെയിനുകൾക്ക് ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുന്ന വിഷയം റെയിൽവേ ബോർഡ് പരിഗണിക്കുകയും ജനറൽ മാനേജർമാർക്ക് അധികാരം നൽകി ഉത്തരവാകുകയും ചെയ്തു.
ബാഗ്ലൂർ – കന്യകുമാരി എക്സ്പ്രസ് (16526) എറണാകുളം നോർത്ത് മുതൽ കന്യകുമാരി വരെയും, ഷാലിമാർ എക്സ്പ്രസ് (22642) എറണകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരം വരെയും, ലോക്മാന്യതിലക് – കൊച്ചുവേളി (22113) എറണാകുളം ജംഗ്ഷൻ മുതൽ കൊച്ചുവേളി വരെയും, മുംബൈ സെന്റട്രൽ – കന്യാകുമാരി എക്സ്പ്രസ് (16381) എറണാകുളം നോർത്ത് മുതൽ കന്യാകുമാരി വരെയും, ശബരി എക്സ്പ്രസ് (17320) കോട്ടയം മുതൽ തിരുവനന്തപുരം വരെയും, കോർബ എക്സ്പ്രസ് (22647) എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയും, നേത്രാവതി എക്സ്പ്രസ് (16345) എറണാകുളം മുതൽ തിരുവനന്തപുരം വരെയും, ചാണ്ഡിഗർ – കൊച്ചുവേളി എക്സ്പ്രസ് (12218) ഷൊർണൂർ മുതൽ കൊച്ചുവേളി വരെയും, നിസാമുദ്ദീൻ – തിരുവനന്തപുരം എക്സപ്രസ് (22686) എറണാകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരം വരെയും, അഹല്യനഗരി എക്സ്പ്രസ് (22645) എറണാകുളം മുതൽ തിരുവനന്തപുരം വരെയും, രപ്തിസാഗർ എക്സ്്്പ്രസ് (12511) എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയും ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കാനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അംഗീകാരം നൽകിയത്.
ഡി-റിസർവ്ഡ് കോച്ചുകൾ പ്രാബല്യത്തിൽ വരണമെങ്കിൽ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ മാറ്റം വരുത്തണം. നിലവിൽ മൂന്ന് മാസം മുന്പ് ട്രെയിൻ ടിക്കറ്റുകൾ റിസർവ് ചെയ്യുവാൻ വ്യവസ്ഥയുണ്ട്.
ആയതിനാൽ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ ആവശ്യമായ മാറ്റം വരുത്തി ഡി-റിസർവ്ഡ് കോച്ചുകൾ പ്രാബല്യത്തിൽ വരുത്തുവാനുളള നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട പ്രിൻസിപ്പൽ ചീഫ് കോമേഷ്യൽ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുളളതായും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.
പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ മാറ്റം വരുന്നതോടെ കൊല്ലം വഴി കടന്ന് പോകുന്ന 12 ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ പ്രാബല്യത്തിൽ വരും.