കരുനാഗപ്പള്ളി : പോലീസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ പരാതിക്കാരനെതിരെ കേസെടുത്തു. അയണിവേലി കുളങ്ങര പീടിക മുക്കിന് സമീപം താമസിക്കുന്ന മാത്തുകുട്ടി (56 ) ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ നാലംഗ അക്രമിസംഘം എത്തി അക്രമം നടത്തി 10 ഗ്രാം സ്വർണ മോതിരവും വിലമതിക്കുന്ന പാത്രങ്ങളും കവർച്ച ചെയ്തുവെന്ന് കാണിച്ച് മാത്തു കുട്ടി പോലീസിൽ പരാതി നൽകി.
ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി കള്ളമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു . തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ യഥാർഥവിവരം മാത്തുകുട്ടി പോലീസിനോട് പറഞ്ഞു. പരാതിയിൽ പറയുന്ന സാധനങ്ങൾ ഇയാൾ തന്നെ വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യ ഗൾഫിൽ നിന്നും നാട്ടിൽ വരാൻ പോകുകയാണെന്നും ഇവർ വരുമ്പോൾ സാധനങ്ങൾ കളവുപോയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഇയാൾ നടത്തിയതെന്നും പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസി പി വിനോദിന്റെ നിർദേശപ്രകാരം എസ് ഐ ജ്യോതിഷ് സുധാകരൻ നടത്തിയ അന്വേഷണത്തിലാണ് കള്ളത്തരം പൊളിഞ്ഞത്.