കോഴിക്കോട്: ജില്ലയിൽ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിദ്യാർഥികളുടെ യാത്രാ സുരക്ഷയ്ക്ക് നേരെ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സർവീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളിലും ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങളില്ല. നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് മിക്കതിനും വാതിലില്ല. പല സിറ്റി ബസുകളും ഡോർ അഴിച്ചുവച്ച് സർവ്വീസ് നടത്തുകയാണ്.
വാതിലിനരികിൽ കൈപ്പിടി പോലും ഇല്ലാതെയാണ് ചില ബസുകൾ ഓടുന്നത്. ബസുകൾക്ക് ഫിറ്റ്നസും പെർമിറ്റും ലഭിക്കണമെങ്കിൽ വാതിലുകൾ ആവശ്യമാണ്. എന്നാൽ ദുരന്തമുണ്ടാകുന്പോൾ മാത്രമാണ് അധികൃതർ ഇത്തരം കാര്യങ്ങൾ പരിശോധിക്കാറുള്ളൂ. വിദ്യാർഥികൾ സ്കൂളിലേക്കുള്ള യാത്രയ്ക്ക് ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
ചില ബസുകളിൽ മുന്നിൽ മാത്രമാണ് വാതിൽപ്പൊളിയുണ്ടാവുക. മുന്നിലും പിന്നിലും വാതിൽപ്പൊളി വച്ചാൽ രണ്ടു തൊഴിലാളികളെ നിയമിക്കേണ്ടി വരുമെന്ന വിചിത്ര ന്യായമാണ് ബസ് ഉടമകൾ പറയുന്നത്. എന്നാൽ വാതിൽപ്പൊളിയില്ലാത്ത ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ ബസ് ഓടിക്കാൻ ജീവനക്കാർക്ക് യാതൊരു മടിയുമില്ല. ഇത്തരം ബസുകളിൽ നിന്ന് യാത്രക്കാർ തെറിച്ച് വീണ് വലിയ അപകടമുണ്ടാകാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്. സിറ്റി ബസുകൾ ഡോർ അഴിച്ചുവെച്ച് ഓടുന്നതുപോലെ തന്നെയാണ് ഓട്ടോമാറ്റിക് ഡോറുകളുള്ള ബസുകളും വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ.
ഇത്തരം ഡോറുകൾ പ്രവർത്തിപ്പിക്കാനുള്ള മടി കാരണം ജീവനക്കാർ അവ തുറന്നിട്ട് യാത്ര നടത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ബസിന്റെ വാതിൽപ്പടിയിൽ ആളുകൾ തിങ്ങി നിൽക്കുന്പോൾ ഇത്തരം ഡോറുകൾ തുറക്കാനും അടയ്ക്കാനും പ്രയാസം നേരിടും. ഇതുകൊണ്ടാണ് പലപ്പോഴും ഡോറുകൾ തുറന്നിടുന്നത്.
നഗരത്തിൽ സ്കൂൾ കൂട്ടികളടക്കം വാതിലില്ലാത്ത ബസുകളിൽ തൂങ്ങിയാണ് പോകാറുളളത്. ബ്രേക്കിടുകയും പിടുത്തം വിടുകയോ ചെയ്താൽ റോഡിലേക്ക് തെറിച്ചുവീഴും. പോലീസും മോട്ടോർ വാഹനവകുപ്പും ഇത്തരം ബസുകൾക്കെതിരേ നടപടിയുമെടുക്കുന്നില്ല. ഇതിനുപുറമേ ശക്തമായ മഴയത്ത് ബസുകളിൽ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പല ബസുകൾക്കും ജനൽ ഷട്ടറില്ല. മഴവെള്ളം ബസിനുള്ളിലേക്കെത്തും.
ബസ് ചാർജ് വർധന എന്ന ആവശ്യവുമായി നിരന്തരം സർക്കാരിനെ സമീപിക്കുന്ന ബസുടമകൾ ബസുകളിൽ യാത്രക്കാർക്ക് നിന്നുപോകാനുള്ള സൗകര്യംപോലും ഉണ്ടോയെന്ന് നോക്കാറില്ല. സിറ്റി ബസുകളിൽ മിക്കതിലും പിന്നിലെ വാതിലിനോട് ചേർന്ന സുരക്ഷാ വേലിയും സീറ്റും തമ്മിലെ അകലം വളരെ കുറവാണ്. ഇതിനാൽ പിന്നിലെ സീറ്റിൽ ഒരാൾക്കും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സീറ്റും സുരക്ഷാ വേലിയും തമ്മിൽ കേവലം മൂന്നിഞ്ചാണ് അകലം. ഇതിനിടയിലൂടെ ഞെങ്ങിഞെരുങ്ങി സീറ്റു പിടിച്ചാലും കാൽമുട്ടടക്കം ഫുട്ബോർഡിലേക്ക് നീണ്ടുനിൽക്കും. ഫുട് ബോർഡിന് വീതി കുറവായതിനാൽ യാത്രക്കാർ കയറുന്പോഴും ഇറങ്ങുന്പോഴും പിന്നിലെ സീറ്റിൽ ഇരിക്കുന്നയാളുടെ കാൽ തട്ടുന്നതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു.