ക്വലാംപുര്: ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. ബംഗ്ലാദേശ് ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 141 റണ്‍സ് എടുത്തു. മറുപടിയില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് 142 റൺസ് നേടി.
വനിത ക്രിക്കറ്റില്‍ ഏതു ഫോര്‍മാറ്റിലും ഇന്ത്യക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ജയമാണ്. ബംഗ്ലാദേശിനായി മികച്ച ഓള് റൗണ്ട് പ്രകടനം നടത്തിയ റുമാന അഹമ്മദാണ് പ്ലയര്‍ ഓഫ് ദ മാച്ച്. ഈ മത്സരത്തിനു മുമ്പുവരെ 2013 ഏപ്രില്‍ മുതല്‍ പത്ത് ട്വന്റി-20യിലും ബംഗ്ലാദേശിന് തോല്‍വിയായിരുന്നു.
ആദ്യ മത്സരങ്ങളില്‍ തായ്ലന്ഡിനെയും മലേഷ്യയെയും പരാജയപ്പെടുത്തിയ ഇന്ത്യയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെതിരേ തീര്‍ത്തും മോശമായി. നായിക ഹര്‍മന്‍പ്രീത് കൗർ (37 പന്തില്‍ 42), ദീപ്തി ശര്‍മ (28 പന്തില്‍ 32) എന്നിവര്‍ക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ.
നാലാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും ദീപ്തിയും ചേര്‍ന്ന് 50 റണ്‍സിന്റെ സഖ്യമുണ്ടാക്കി. ഈ സ്കോറിംഗ് പതുക്കെയായിരുന്നു. അവസാനത്തെ നാലോവറില്‍ ഇന്ത്യക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഹര്‍മന്‍പ്രീത്, ദീപ്തി, അനുജ പട്ടീല്‍ എന്നിവരെ റുമാനയാണ് പുറത്താക്കിയത്. മറുപടി ബാറ്റിംഗില്‍ ഫര്‍ഗാന ഹഖ് (46 പന്തില്‍ 52 നോട്ടൗട്ട്) റുമാന അഹമ്മദ് (34 പന്തില്‍ 42 നോട്ടൗട്ട്) എന്നിവരുടെ പ്രകടനം ബംഗ്ലാദേശിനെ വിജയത്തിലേക്കു നയിച്ചു. ഓപ്പണര്‍ ഷമീമ സുല്‍ത്താന 23 പന്തില്‍ 33 റണ്‍സ് നേടി.
ഇന്ത്യക്കും ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും മൂന്നു കളയില്‍ നാലു പോയിന്റ് വീതമാണ്. എന്നാല്‍, റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ മുന്നില്‍.