ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എ രണ്ട് താരങ്ങളാൽ ശ്രദ്ധേയം. ഒന്ന് ഉറുഗ്വെയുടെ ‘കടിയൻ’ എന്നുവിശേഷിപ്പിക്കപ്പെടുന്ന ലൂയിസ് സുവാരസ്. രണ്ട് ഈ സീസണിൽ ഏവരും ചർച്ച ചെയ്ത ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഈ സീസണിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനായി 44 ഗോളടിച്ച സലയുടെ മികവാണ് ഈജിപ്തിന് പ്രതീക്ഷയേകിയിരുന്നത്.
എന്നാൽ, ചാന്പ്യൻസ് ലീഗ് ഫൈനലിൽ സലയുടെ തോളിനു പരിക്കേറ്റതോടെ ഈജിപ്ത് ആശങ്കയിലായി. ഗ്രൂപ്പിലെ എല്ലാ കളികളിലും സല ഉണ്ടാകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈജിപ്തിന്റെ ലോകകപ്പ് മുന്നൊരുക്കത്തിന് കനത്ത പ്രഹരമായിരിക്കുകയാണ് സലയുടെ പരിക്ക്. ലൂയിസ് സുവാരസ്, എഡിസൻ കവാനി തുടങ്ങിയവരുടെ കരുത്താണ് ഉറുഗ്വെയ്ക്ക് ശക്തി പകരുന്നത്.
ആതിഥേയരായ റഷ്യക്ക് സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ട്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്തമാണ് റഷ്യക്കുള്ളത്.
ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളിൽ ഫിഫ റാങ്കിൽ ഏറ്റവും പിന്നിലുള്ള സൗദി അറേബ്യയാണ് ഭാഗ്യപരീക്ഷണത്തിനെത്തുന്ന മറ്റൊരു സംഘം. റാങ്കിംഗിൽ 67-ാം സ്ഥാനക്കാരായ സൗദിക്ക് തൊട്ടു മുകളിലാണ് റഷ്യ, 66-ാം റാങ്ക്. ഗ്രൂപ്പിലെ കരുത്തർ ഉറുഗ്വെയാണെന്നിരിക്കേ രണ്ടാം സ്ഥാനക്കാരാകാനുള്ള പോരാട്ടമാണ് ശേഷിക്കുന്ന ടീമുകൾ തമ്മിൽ നടക്കുക.
ഗ്രൂപ്പ് എ ഫിക്സ്ചർ
റഷ്യ – സൗദി അറേബ്യ (ജൂണ്‍ 14, രാത്രി 8.30)
ഈജിപ്ത് – ഉറുഗ്വെ (ജൂണ്‍ 15, വൈകുന്നേരം 5.30)
റഷ്യ – ഈജിപ്ത് (ജൂണ്‍ 19, രാത്രി 11.30)
ഉറുഗ്വെ – സൗദി അറേബ്യ (ജൂണ്‍ 20, രാത്രി 8.30)
സൗദി അറേബ്യ – ഈജിപ്ത് (ജൂണ്‍ 25, രാത്രി 7.30)
ഉറുഗ്വെ – റഷ്യ (ജൂണ്‍ 25, രാത്രി 7.30)
റഷ്യ
* ഫിഫ റാങ്ക്: 66 =ലോകകപ്പിൽ: 11-ാം തവണ
* മികച്ച പ്രകടനം: 1966 നാലാം സ്ഥാനം
* പരിശീലകൻ: സ്റ്റാനിസ്ലാവ് ചെർചെസോവ്
ആതിഥേയരെന്ന നിലയിൽ ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയ ടീം. അതുകൊണ്ടുതന്നെ കളത്തിൽ മികവ് തെളിയിക്കേണ്ടത് അത്യാവശ്യം.
നൂറിലധികം മത്സരങ്ങൾ രാജ്യത്തിനായി കളിച്ച ഗോളി ഇഗോർ അകിൻഫീവും ഡിഫൻഡർ സെർജി ഇഗ്നാഷേവിച്ചുമാണ് റഷ്യയുടെ പ്രതീക്ഷകൾ. 22 അംഗ സംഘത്തിലെ രണ്ടു കളിക്കർ മാത്രമാണ് റഷ്യക്കു പുറത്ത് ക്ലബ് മത്സരങ്ങൾ കളിക്കുന്നത്.
ഈജിപ്ത്
* ഫിഫ റാങ്ക്: 46 =ലോകകപ്പിൽ: മൂന്നാം തവണ
* മികച്ച പ്രകടനം: 1934, 1990 ആദ്യ ഘട്ടം
* പരിശീലകൻ: ഹെക്ടർ കൂപ്പർ
നീണ്ട 28 വർഷങ്ങൾക്കുശേഷം ലോകകപ്പിനു യോഗ്യത. 2006 മുതൽ 2010 വരെയുള്ള കാലത്ത് മൂന്ന് ആഫ്രിക്കൻ നേഷൻസ് കപ്പ് തുടർച്ചയായി മൂന്നു പ്രാവശ്യം നേടിയ ഫറവോസ് എന്ന് അപരനാമമുള്ളവർക്ക് ഈ പ്രകടനം ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ ആവർത്തിക്കാനായില്ല. യോഗ്യത മത്സരങ്ങളിൽ മുഹമ്മദ് സലയുടെ പ്രകടനം ഈജിപ്തിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാക്കി.
ഉറുഗ്വെ
* ഫിഫ റാങ്ക്: 17 =ലോകകപ്പിൽ: 13-ാം തവണ
* മികച്ച പ്രകടനം: 1930, 1950 ചാന്പ്യന്മാർ
* പരിശീലകൻ: ഓസ്കർ ടെബരെസ്
ലാറ്റിൻ അമേരിക്കയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി റഷ്യക്കു യോഗ്യത നേടി. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ കളിക്കുന്ന ഒരുകൂട്ടം താരങ്ങൾ ഉറുഗ്വെൻ ടീമിലുണ്ട്. ലൂയിസ് സുവാരസ്, എഡിൻസണ്‍ കവാനി, ഡിയേഗോ ഗോഡിൻ എന്നിവർക്കു ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ്. ഡിയേഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള പിൻനിരയിൽ ഹൊസെ ഹിമെനെസും ഉണ്ടാകും. മധ്യനിരയുടെ നിയന്ത്രണം റോഡ്രിഗോ ബെന്റാൻകറിനാകും. ആക്രമണം സുവാരസും കവാനിയും നടത്തും.
സൗദി
* ഫിഫ റാങ്ക്: 67 =ലോകകപ്പിൽ: അഞ്ചാം തവണ
* മികച്ച പ്രകടനം: 1994 പ്രീക്വാർട്ടർ
* പരിശീലകൻ: അന്റോണിയോ പിസി
ബെർട് വാൻ മാർവികിന്റെ കീഴിയിൽ ലോകകപ്പിനു യോഗ്യത നേടി. അർജന്റൈൻ പരിശീലകനായ ഹ്വാൻ അന്റോണിയോ പിസിയുടെ കീഴിൽ ഭാഗ്യം തേടിയാണ് സൗദി റഷ്യയിലെത്തുന്നത്. യോഗ്യത ഘട്ടത്തിൽ 16 ഗോൾ നേടിയ മുഹമ്മദ് അൽ സഹലാവിയുടെ ഫോമിലാണ് പ്രതീക്ഷകൾ.
അന്താരാഷ്ട്ര മത്സരങ്ങളിൽ പരിചയസന്പത്ത് കുറവുള്ള കളിക്കാർ സൗദിയുടെ പോരായ്മയാണ്.