തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖകരാർ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി ആറുമാസത്തേയ്ക്കു കൂടി ദീർഘിപ്പിക്കാനും കൂടുതൽ പരിഗണനാ വിഷയങ്ങൾ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. സിഎജിയുടെ കണ്ടെത്തലുകൾ ശരിയാണോ എന്നു കമ്മീഷനു പരിശോധിക്കാൻ അനുമതി നൽകി.
എന്നാൽ, ഭരണഘടനാ സ്ഥാപനത്തിന്റെ കണ്ടെത്തൽ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനു കഴിയുമോ എന്ന നിയമപ്രശ്നവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ ശരിയാണോ എന്ന് പരിശോധിക്കാൻ കമ്മീഷന് അവകാശമുണ്ടോ എന്ന് വ്യക്തമാക്കാനാണ് കമ്മീഷൻ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് എതിരാണോ എന്നതും ഖജനാവിനു നഷ്ടമുണ്ടാകുന്ന തീരുമാനം എടുത്തത് ആരാണെന്നുമുള്ളത് കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ നൽകാനുള്ള തീരുമാനത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ അതിന്റെ പ്രേരണ, കാരണം, സ്വകാര്യ താല്പര്യം, അനർഹമായ പരിഗണനകൾ എന്നിവയും കമ്മീഷന് അന്വേഷിക്കാം.
കരാറിലൂടെ ആർക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ, നഷ്ടത്തിനു കാരണക്കാരായവരിൽ നിന്ന് അത് ഈടാക്കാനുള്ള നടപടികൾ, ചട്ടവിരുദ്ധ നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിക്കാവുന്ന നിയമനടപടികൾ എന്നിവയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.