കേന്ദ്രഭരണം ബിജെപി ഏറ്റെടുത്തതോടെ നിരവധി വിചിത്ര പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരികയുണ്ടായി. ബിജെപി ഭരണം നടക്കുന്ന ചില സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ചില പരിഷ്കാരങ്ങള്‍ നടക്കുകയുണ്ടായി. ഇപ്പോഴിതാ രാജസ്ഥാനില്‍ സമാനമായ ഒരു പരിഷ്കാരം നിലവില്‍ വന്നിരിക്കുന്നു. രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവര്‍ ‘പശു സെസ്സ്’ നല്‍കണം എന്നതാണത്.
മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ് രാജസ്ഥാന് സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം തന്നെ ‘പശു സെസ്സ്’ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഈ തുക മദ്യത്തിന്റെ വിലയ്ക്കൊപ്പം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര തുകയാണ് സെസ്സ് ആയി ഈടാക്കുകയെന്ന കാര്യം ധനവകുപ്പ് പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ ഈടാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇതിന് തുടക്കമായത്. പശു പരിപാലനത്തിന് മാത്രമായി രാജസ്ഥാനില്‍ ഗോപാലന് എന്ന പേരില്‍ പ്രത്യേക വകുപ്പുപോലും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ‘പശു സെസ്സ്’ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.