കറുകച്ചാൽ: കോട്ടയത്തു നിന്നും കറുകച്ചാൽ വഴി റാന്നിക്ക് ആരംഭിച്ച കെഎസ്ആർടിസിയുടെ ചെയിൻ സർവീസ് അട്ടിമറിക്കുന്നതായി ആരോപണം. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി എംഡിക്കും മന്ത്രിക്കും പരാതി നൽകാനുള്ള ശ്രമത്തിലാണ് യാത്രക്കാർ.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നു മുതലാണ് സർവീസ് ആരംഭിച്ചത്. കോട്ടയം ഡിപ്പോയിൽ നിന്നും റാന്നിയിൽ നിന്നും നാലു ബസുകൾ വീതം എട്ടു ബസുകളാണ് സർവീസ് നടത്തിവരുന്നത്. എന്നാൽ കഴിഞ്ഞ ഒരുമാസത്തോളമായി സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കി.
ബസുകളുടെ എണ്ണം കുറച്ചിട്ടില്ല. പ്രതിദിനം 48 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 32 സർവീസുകൾ മാത്രമാണുള്ളത്. 16 സർവീസുകളാണ് കഴിഞ്ഞ മാസം മുന്നറിയിപ്പില്ലാതെ നിർത്തിയത്. പ്രതിദിനം 8000 മുതൽ 10000 രൂപ വരെ നേടിയിരുന്ന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്.
സർവീസ് വെട്ടിക്കുറച്ചതിന്റെ പിന്നിൽ സ്വകാര്യബസുകളെ സഹായിക്കാനുള്ള ഡിപ്പോ അധികൃതരുടെ സമീപനമാണെന്നു യാത്രക്കാരും നാട്ടുകാരും പറയുന്നത്. കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചതോടെ റാന്നി, മണിമല, കറുകച്ചാൽ, കുറ്റിക്കൽ, പാന്പാടി ഭാഗങ്ങളിലൂടെ കോട്ടയത്തേക്കുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായിരുന്നു.
എന്നാൽ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്ക്കരവും സാന്പത്തിക നഷ്ടവുമാണ് സർവീസ് വെട്ടിക്കുറച്ചതിന്റെ കാരണമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. വെട്ടിച്ചുരുക്കിയ സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കണമെന്ന് ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല പറഞ്ഞു.