റാന്നി: ശബരിമല വനമേഖലയുടെ ഭാഗമായ പെരുന്തേനരുവി വനമേഖലയിൽ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ ഭീതിയിൽ. അരുവിയിലേക്കുള്ള കുടമുരുട്ടി – ചണ്ണ റോഡിലൂടെ പുലർച്ചെയും വൈകുന്നേരവും പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി പ്രദേശത്തേക്ക് യാത്ര ചെയ്യാൻ ജീവനക്കാർക്കും നാട്ടുകാർക്കും ഭയമാണ്.
ജനവാസമേഖലയോടു ചേർന്നു കാടുകളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം നേരത്തെയുള്ളതിനേക്കാൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം കാടിറങ്ങി പന്പാനദി നീന്തി ഇക്കരയെത്തിയ കാട്ടുപോത്ത് മണ്ണടിശാലയിലും പരിസരങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. ചിലർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. പിന്നീട് നദി കടന്ന് വനത്തിനുള്ളിലേക്ക് പോത്ത് ഓടിപ്പോകുകയായിരുന്നു.
അടുത്ത സമയത്ത് ഈ റോഡരികിൽ കാട്ടുപോത്തിനെ കണ്ടതാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. പെരുന്തേനരുവി വനമേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ വൈകുന്നേരവും പുലർച്ചെയും ഏറെ ശ്രദ്ധയോടെയാണ് നാട്ടുകാർ വീടിനു പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും.
വിദ്യാർഥികളെ സ്കൂളിലേക്ക് അയയ്ക്കാൻ പോലും ഭയമാണെന്ന് രക്ഷിതാക്കൾ പറയുന്നു. വന്യമൃഗ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നല്കാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയാറാകുന്നുമില്ല. കാട്ടാനയും കാട്ടുപന്നിയും ഈ മേഖലയിൽ കർഷകർക്ക് ചില്ല ദോഷമല്ല ചെയ്യുന്നത്.
കാർഷികവിളകൾ പൂർണമായി ആനയും കാട്ടുപന്നിയും നശിപ്പിക്കുകയാണ്. കാലങ്ങളായി ഈ മേഖലയിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമില്ല. കാട്ടുപന്നിശല്യം മൂലം പുറത്തിറങ്ങാനും വഴി നടക്കാനും പറ്റാത്ത പല പ്രദേശങ്ങളുമുണ്ട് കിഴക്കൻ മേഖലയിൽ. പുലർച്ചെ റബർ തോട്ടങ്ങളിൽ ടാപ്പ് ചെയ്യാനെത്തുന്നവരെയും പത്രവിതരണക്കാരെയും കാട്ടുപന്നികൾ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.