റെനീഷ് മാത്യു
കണ്ണൂർ: പോലീസിന്റെ കടിഞ്ഞാൺ ആഭ്യന്തരവകുപ്പിന് നഷ്ടപ്പെട്ടെന്ന വിമർശനവുമായി ഭരണമുന്നണിയും. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ അതിക്രമം ഒറ്റപ്പെട്ടതു മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. എന്നാൽ ഇതിനെതിരേയുള്ളതാണ് ഭരണപക്ഷ വിമർശനത്തോടെ പുറത്തുവന്നിരിക്കുന്നത്.
പോലീസിന്റെ അതിക്രമത്തിനെതിരേ വ്യാപകമായ വിമർശനങ്ങളാണ് ഭരണപക്ഷത്ത് നിന്നും ഉയരുന്നത്. വി.എസ്. അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എം. സ്വരാജ് എംഎൽഎ എന്നിവരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.പോലീസ് വീഴ്ചകൾ ആവർത്തിക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ പറയുന്നു.
കണ്ണൂരിൽനിന്നുള്ള പാർട്ടി പ്രവർത്തകരും പോലീസിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ കണ്ണൂരിൽ നടന്ന സിപിഎം മേഖലാ റിപ്പോർട്ടിംഗ് യോഗത്തിലും പോലീസിനുനേരെ രൂക്ഷ വിമർശനമുണ്ടായിരുന്നു.
നിലതെറ്റി പെരുമാറുന്ന പോലീസുകാരെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ വരാപ്പുഴ ഇനിയും ആവർത്തിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.കോടിയേരി ബാലകൃഷ്ണനും പന്ന്യൻ രവീന്ദ്രനും പോലീസിനെതിരേ രൂക്ഷ വിമർശവുമായാണ് ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
പോലീസിലെ ചിലർക്ക് സ്ഥലജല വിഭ്രാന്തിയാണോയെന്നാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഫെയ്സ്ബുക്കിലെ പോസ്റ്റിലൂടെ ചോദിക്കുന്നത്. മലപ്പുറം ജില്ലയിലെ 10 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പീഡനക്കാരൻ നൽകിയ പാരിതോഷികത്തിന്റെ ബലത്തിൽ തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമിച്ച പോലീസ് കുറ്റവാളികളെ കുടുക്കുവാൻ തെളിവുകൾ നൽകി മാതൃക കാട്ടിയ തിയേറ്റർ ഉടമയ്ക്കെതിരായി കള്ളക്കേസെടുത്തുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
പോലീസിൽ ജോലി കിട്ടിയാൽ എന്തും ചെയ്യാനും അധികാരം ഉണ്ട് എന്ന ധാരണയാണോ? ഇത് വെള്ളരിക്കാപട്ടണമാണോ ? കേരള ഗവൺമെന്റിനു മേൽ കരിവാരിതേക്കുവാനുള്ള ശ്രമമാണോ, എന്തായാലും ഇത്തരം പോലീസുകാർ നാടിന് അപമാനമാണ് ഇവരോട് ഒരു ദാക്ഷിണ്യവും പാടില്ല , മുറപോലെ ചെയ്യുന്ന സസ്പെൻഷൻ കൊണ്ട് ഒരു കാര്യവും ഇല്ല.
അവർക്ക് നേരത്തെ അറിയാം കൂടിയാൽ ഒരു സസ്പെൻഷൻ, അതിൽ കൂടൂതൽ വരില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു. സാമൂഹ്യ വിരുദ്ധരായ പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കണമെന്നും കുറ്റവാളിക്കൂട്ടങ്ങളായ ഇത്തരം പോലീസുകാരെ നിലയ്ക്ക് നിർത്താൻ കടുത്ത നടപടികൾ തന്നെ വേണമെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു.
കേരള പോലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫെയ്സ്ബുക്കിലെ പോസ്റ്റിൽ പറയുന്നു. സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
. പോലീസിലെ ഇത്തരം ക്രിമിനലുകൾക്ക് എതിരെ പിരിച്ചു വിടൽ ഉൾപ്പെടെ കർശന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം… കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷൻ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസിൽ അരാജകത്വം നിലനിന്നിരുന്നു.
എൽഡിഎഫ് സർക്കാർ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പോലീസ് ആക്ട് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടത്. അത് അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചേ മതിയാവൂമെന്നും കോടിയേരി പറയുന്നു.