ആലുവ: പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ ആലുവയിൽ വീട് തകർന്നു. സംഭവ സമയത്ത് വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ആലുവ കുട്ടമശേരി ചൊവ്വര ഫെറി കവലയിൽ തട്ടാഴത്ത് കൊച്ചുമരയ്ക്കാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം.
ഗ്യാസ് ചോർന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സിലിണ്ടർ പുറത്തേയ്ക്ക് മാറ്റുന്നതിനിടയിൽ അടച്ചിട്ട മുറികളിൽ വാതകം നിറഞ്ഞ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കൊച്ചുമരയ്ക്കാറിന്റെ ഭാര്യ സഫിയ, മകൻ മായിൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മായിൻകുട്ടിയുടെ ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്ഫോടനത്തിൽ വീടിന്റെ മുഴുവൻ ജനൽ ചില്ലുകളും മുൻവശത്തെ പ്രധാന വാതിലും പൂർണമായും തകർന്നു. മറ്റു വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആലുവയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആലുവ എസ്ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി. നു