ഷൊർണൂർ: വർഷക്കാലത്തിനുമുന്പ് കാലപഴക്കം വന്ന വൈദ്യുതികന്പികൾ മാറ്റാൻ ഈവർഷവും കെഎസ്ഇബി തയാറായില്ല. വൈദ്യുതകന്പികൾ താഴ്ന്നുകിടക്കുന്നതും ബലക്ഷയം സംഭവിച്ചതും വൻഅപകട സാധ്യതയാണ് ഉയർത്തുന്നത്.
മഴക്കാലത്ത് വൈദ്യുതിമൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തുന്പോഴാണ് മുൻകരുതലുകൾ എടുക്കാത്തത്. ചെറുതും വലുതുമായ അപകടങ്ങൾ വഴിയുണ്ടാകുന്ന മരണനിരക്ക് അന്പരിപ്പിക്കുന്നതാണെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. കഴിഞ്ഞവർഷം വൈദ്യുതി അപകടങ്ങളിൽ 345 പേർ മരിച്ചതായും അവർ പറയുന്നു.
ഇതിനു പുറമേ 22 വൈദ്യുതിവകുപ്പ് ജീവനക്കാർക്കും ജീവഹാനി നേരിട്ടു. ഓരോ 24 മണിക്കൂറിലും ഒരാൾ വീതം വൈദ്യുതി അപകടത്തിൽ മരിക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ നിഗമനം. സാംക്രമികരോഗങ്ങൾ വഴിയുള്ളവയേക്കാൾ കൂടുതൽ മരണം മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്നു.
വൈദ്യുതിലൈനുകൾ പൊട്ടിവീഴാനുള്ള സാധ്യത മഴക്കാലത്ത് ഏറെയാണ്. രാത്രികാലത്ത് അപകട സാധ്യതയുടെ തോതും വർധിക്കും. ഇടറോഡുകളിലാണ് ലൈൻ പൊട്ടിവീഴുന്ന സംഭവങ്ങൾ ഏറെയുള്ളത്. രാവിലെ നടക്കാനിറങ്ങുന്നവർ, ട്യൂഷനും മറ്റും പോകുന്ന കുട്ടികൾ, പത്രവിതരണക്കാർ തുടങ്ങിയവരാണ് ഇതിൽ പ്രധാനമായും ഇരകളാകുന്നത്.
പൊട്ടിക്കിടക്കുന്ന വൈദ്യുതിലൈൻ കാണുന്നവർ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് കഐസ്ഇബി നിർദേശിച്ചു. പൊട്ടിവീണ കന്പികൾ മാറ്റാനും അടുത്തുചെല്ലാനും ശ്രമിക്കരുത്. വയലിലോ ജലാശയത്തിലോ ആണ് ലൈനുകൾ പൊട്ടിക്കിടക്കുന്നതെങ്കിൽ വെള്ളത്തിലിറങ്ങരുത്. ലൈനിലേക്കു വീണുകിടക്കുന്ന മരക്കൊന്പുകൾ സ്വയംനീക്കം ചെയ്യാൻ ശ്രമിക്കാതെ വൈദ്യുതിവകുപ്പ് ജീവനക്കാരെ അറിയിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നു.
ലൈനിന് അടുത്തുള്ള ഫലവൃക്ഷങ്ങളിൽനിന്നു തോട്ടി ഉപയോഗിച്ച് ഫലവൃക്ഷങ്ങൾ പറിക്കാതിരിക്കണമെന്നും മഴക്കാലത്ത് നനഞ്ഞ തോട്ടി ലൈനിൽ വീണാൽ അപകടം സംഭവിക്കുമെന്നും കഐസ്ഇബി മുന്നറിയിപ്പു നല്കുന്നു.
അതേസമയം വർഷക്കാലം മുൻനിർത്തി കെഎസ്ഇബി നടപ്പിലാക്കേണ്ട മുൻകരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ സമയബന്ധിതമായി കാലപ്പഴക്കം ചെന്ന കന്പികൾ മാറ്റി സ്ഥാപിക്കുന്നതിനോ കെ എസ്ഇബി തയാറാകാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.