തൃശൂർ: തൃശൂർ പബ്ലിക് ലൈബ്രറി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കാൻ തൃശൂർ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഉത്തരവ്. നിയമലംഘനം ചൂണ്ടിക്കാട്ടി ലൈബ്രറി അംഗങ്ങളായ ഇ. ഹരികൃഷ്ണൻ, രഞ്ജിത് പെരിങ്ങാവ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 24നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
2015ൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി വേണമെന്നും കേസിൽ ലൈബ്രറി കൗണ്‍സിലും കക്ഷിയാണെന്നും ഉത്തരവിലുണ്ട്.
കേരള ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷനുള്ള പബ്ലിക് ലൈബ്രറി ഗ്രന്ഥശാല നിയമത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഉത്തരവിലുണ്ട്. നിയമപ്രകാരം താലൂക്ക് ലൈബ്രറി കൗണ്‍സിലിൽ റിട്ടേണിംഗ് ഓഫീസർമാരുടെ പാനൽ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ റിട്ടേണിംഗ് ഓഫീസർമാരുടെ പാനൽ സമർപ്പിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുമില്ല.
കോടതി വിധിക്കു വിധേയമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെടണമെന്നും ഉത്തരവിലുണ്ട്. 2015ലെ പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് ഇരുവരും സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.