സ്വന്തം ലേഖകൻ
തൃശൂർ: മാലിന്യം കുമിഞ്ഞുകൂടി നാറുന്ന നഗരത്തിൽ തെരുവുവിളക്കു കത്തുന്നില്ലെന്നും ആരോപിച്ച് തൃശൂർ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഒരു കൊട്ട മാലിന്യവും കത്തുന്ന റാന്തൽ വിളക്കുമായി യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗം തുടങ്ങിയ ഉടൻ നടുക്കളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി.
മാലിന്യവും റാന്തലും മേയറുടെ മുന്നിൽ വെച്ചായിരുന്നു മുദ്രാവാക്യം. നഗരം ചീഞ്ഞു നാറുകയാണെന്നും നഗരത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതിനിടെ ബിജെപി അംഗങ്ങൾ മാസ്ക് ധരിച്ച് സഭയിലെത്തി.
മാലിന്യപ്രശ്നം മൂലം പകർച്ചവ്യാധികൾ പകരുന്നുവെന്നാരോപിച്ചാണ് ഇവർ മാസ്ക് ധരിച്ചെത്തിയത്. സംസാരിക്കാൻ മൈക്ക് നൽകിയില്ലെന്നാരോപിച്ച് കൗണ്‍സിലർ മഹേഷിന്റെ നേതൃത്വത്തിൽ ബിജെപി കൗണ്‍സിലർമാർ യോഗത്തിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു.
പ്രതിപക്ഷ ബഹളങ്ങളെ മറികടക്കാൻ ഭരണപക്ഷത്തെ കൗണ്‍സിലർമാർ മൈക്കിലൂടെ ഉറക്കെ സംസാരിക്കുകയും അജണ്ട ചർച്ച ചെയ്യുകയും ചെയ്തു. ഒന്നര മണിക്കൂറിലേറെ യുഡിഎഫ് പ്രതിഷേധം തുടർന്നു.