ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാസീറ്റ് നല്കി കെ എം മാണിയെയും കൂട്ടരെയും യുഡിഎഫില്‍ തിരിച്ചെടുത്തതിനെതിരേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ അതൊന്നും ബാധിക്കാതെ സീറ്റില്‍ ആരെ നിര്‍ത്തണം എന്ന ചര്‍ച്ചകളുമായി കേരളാകോണ്‍ഗ്രസ്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ കെ എം മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.
നിലവില്‍ ലോക്സഭാംഗമായ ജോസ് കെ മാണിയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ ചെയര്മാന് സാക്ഷാല്‍ കെ എം മാണിയോ മത്സരിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. മാണിഗ്രൂപ്പില്‍ നിന്നും ആരാകും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുക എന്ന കാര്യത്തില്‍ കേരളം ആകാംഷയോടെ ഉറ്റുനോക്കുമ്പോള്‍ ഇന്ന് എംഎല്‍എ ക്വാര്‍ട്ടേഴ്സിലാണ് മാണിഗ്രൂപ്പ് യോഗം ചേരുന്നത്. സീറ്റിലേക്ക് മാണിയോ മകനോ മത്സരിക്കാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കും മറ്റൊരാളെ പരിഗണിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യസഭാ എംപിയ്ക്ക് ആറുവര്‍ഷത്തെ കാലാവധിയാണ് ലഭിക്കുക. ഇതിനിടയില്‍ യുപിഎ അധികാരത്തില്‍ എത്തിയാല്‍ മന്ത്രിപദത്തിലേക്ക് പരിഗണിച്ചേക്കാമെന്ന സാധ്യതയും നില നില്ക്കുന്നു. ഇതിനൊപ്പം അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ നിലവില്‍ കോട്ടയത്ത് ഒരു ഉപതെരഞ്ഞെടുപ്പിന് സാധ്യത കുറവാണെന്നതും മാണിഗ്രൂപ്പ് കണക്കിലെടുക്കുന്നു.