എരിതീയില്‍ എണ്ണയൊഴിച്ചും ചിലര്‍! കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ വിമര്‍ശനമുന്നയിച്ച യുവ കോണ്‍ഗ്രസ് നേതാക്കളെ ട്രോളി മന്ത്രി എം എം മണി രംഗത്ത്

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസിലെ യുവനേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി രംഗത്ത്. രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട…. വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ട് വാ.. ‘യുവ കോണ്‍ഗ്രസ് പോരാളികളെ’ എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഡല്‍ഹിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രവും പോസ്റ്റിനൊപ്പം മണി പങ്കുവെച്ചു.

നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മണിയുടെ വക കുത്ത്. ‘ഇതൊരു കീഴടങ്ങലാണ്.ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്.. എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍…കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി’ എന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാര്‍ പാഠം പഠിച്ചില്ല എന്ന് വേണം കരുതാന്‍’ എന്നായിരുന്നു ഐ.ബി ഈഡന്‍ പറഞ്ഞത്. സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള വഞ്ചനയെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

Related posts