തിരുവനന്തപുരം: കെഎസ്ആർടിസി അതിവേഗ സർവീസുകളിൽ ഇനി നിന്നു യാത്ര ചെയ്യാം. സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, ലക്ഷ്വറി സർവീസുകളിലാണ് ഇനി നിന്നു യാത്ര ചെയ്യാൻ സാധിക്കുന്നത്.
സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ വിലക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാൻ മോട്ടോർ വാഹനചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. മോട്ടോർ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സർക്കാർ ഭേദഗതി ചെയ്തത്.
കെഎസ്ആർടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.