മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ. 2016 ഡിസംബറിലും ബാബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കൊല നടന്ന് നാലാം ദിവസം പിടിയിലായ ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷും പാനൂർ ചെണ്ടയാടെ ജെറിൻ സുരേഷും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഈ സംഘത്തിലുള്ള ചിലരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വധശ്രമം ബാബുവിന്റെ വീട്ടിനടുത്തു വച്ചായിരുന്നുവെന്നും പ്രതികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ ശ്രമം പാളിയതിനെ തുടർന്നാണ് മേയ് ഏഴിന് ബാബുവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ മുഖ്യആസൂത്രകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആർഎസ്എസ് പ്രവർത്തകനെക്കുറിച്ച് പോലീസിന് ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചതായാണ് വിവരം.
ബാബുവിനെ ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെ മേയ് ഒന്നുമുതൽ കൊലയാളിസംഘം പള്ളൂർ, ചെമ്പറ പ്രദേശങ്ങളിൽ തങ്ങിയിരുന്നതായും ബാബു കൊല്ലപ്പെട്ട മെയ് ഏഴിന് ചാലക്കര ഭാഗത്ത് വെച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നുവെന്നും പ്രതികൾ തെളിവ് നൽകിയതായാണ് സൂചന.
മെയ് ഏഴിന് രാത്രി കൃത്യം നടത്തി പ്രതികൾ പാനൂർ ഭാഗത്തേക്ക് കാറിൽ എത്തി അവിടെ വെച്ച് എല്ലാവരും പിരിഞ്ഞു പോയതായും പ്രതികൾ മൊഴി നൽകിയിട്ടണ്ട്.
അതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കൂടി മാഹി കോടതി റിമാൻഡ് ചെയ്തു. പള്ളൂർ ഒതയോത്ത് വീട്ടിൽ ഒ.പി. രജീഷ്,പാനൂർ കൂറ്റേരി കെ.സി. മുക്കിലെ അരുൺ ഭാസ്ക്കർ എന്നിവരെയാണ് ജഡ്ജി കലൈവാണി റിമാൻഡ് ചെയ്തത്.
ഇവരോടൊപ്പം പിടികൂടപ്പെട്ട പള്ളൂരിലെ ആർ.എസ്.എസ്. പ്രവർത്തകൻ കരീക്കുന്നുമ്മൽ സുനി ചൊവ്വാഴ്ച്ച തന്നെ റിമാ ൻ ഡി ലാ യി രു ന്നു. പോലീസ് നടപടികൾ പൂർത്തിയാകാൻ വൈകിയതിലാണ് രണ്ട് പ്രതികളെ റിമാൻഡ് ചെയ്യുവാൻ വൈകിയത്. ഏഴു പ്രതികളാണ് ഇതുവരെയും അറസ്റ്റ് ചെയ്യുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.
കൊലയാളി സംഘത്തിൽ 12 പേരുണ്ടെന്നാണ് സൂചന. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് സൂചന നൽകിയിട്ടുണ്ട്. കൊല നടന്ന് നാലാം ദിവസം ആദ്യം നാലുപ്രതികളെയും ഒരു മാസം പിന്നിടുമ്പോൾ മൂന്നാം പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്.