കോട്ടയം: കേരള കോണ്‍ഗ്രസിനു ലഭിച്ച രാജ്യസഭാ സീറ്റിന് അവകാശവാദവുമായി പഴയ ജോസഫ് വിഭാഗവും (പി.ജെ. ജോസഫ്) രംഗത്തെത്തി. എന്നാൽ ഇന്നു രാവിലെ ചേരുന്ന കേരള കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കുമെങ്കിലും യുഡിഎഫ് യോഗത്തിനുശേഷമേ പ്രഖ്യാപനമുണ്ടാകൂ.
കെ.എം. മാണി, ജോസ് കെ. മാണി എന്നിവരുടെ തീരുമാനമാകും നടപ്പാകുക. മറ്റുള്ളവരുടെ അഭിപ്രായം പോലും തേടിയേക്കില്ല. രാവിലെ തലസ്ഥാനത്തു തന്നെ കേരള കോണ്‍ഗ്രസിന്റെ പാർലമെന്ററിസമിതി യോഗവും നടക്കും. രാവിലെ പത്തിനു പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണു യോഗം.
യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മാണി പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല.പാർലമെന്ററി സമിതി യോഗത്തിൽ ജോസഫ് വിഭാഗം രാജ്യസഭാ സീറ്റിലേക്ക് അവകാശവാദം ഉന്നയിക്കും.
എന്നാൽ ഇതു കെ.എം. മാണി പരിഗണിച്ചേക്കില്ല. പാർട്ടി ചെയർമാൻ കെ.എം. മാണിയോ, ജോയ് ഏബ്രഹാമോ രാജ്യസഭയിലേക്കെത്താനാണു സാധ്യതയേറെ. ഒഴിവുവരുന്ന പാലാ നിയമസഭാ സീറ്റിൽ മകൻ ജോസ് കെ. മാണി എംപിയെ മത്സരിപ്പിക്കുകയും ചെയ്യാം. ഒരു വർഷത്തിൽ താഴെ മാത്രം കാലം അവശേഷിക്കുന്നതിനാൽ കോട്ടയം ലോക്സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പും വേണ്ടിവരില്ല.