കോട്ടയം: രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നെന്നു മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇത് ഉമ്മൻചാണ്ടി തനിച്ചെടുത്ത തീരുമാനമല്ല. രമേശ് ചെന്നിത്തലയും എം.എം. ഹസനും കൂടി ചേർന്നാണു തീരുമാനിച്ചത്.
സീറ്റ് സംബന്ധിച്ചു പാർട്ടിക്കുള്ളിലെ അമർഷം തുടരുകയാണ്. പാർട്ടി സമിതികൾ ചേർന്നാലേ പ്രശ്നം പരിഹരിക്കാനാകൂവെന്നും തിരുവഞ്ചൂർ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിൽ കോണ്‍ഗ്രസിലെ യുവ എംഎൽഎമാർ ഉൾപ്പെടെ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഇന്നു നിർണായക യോഗം ചേരും.
തിരുവനന്തപുരത്തു രാവിലെ 11നു കന്റോണ്‍മെന്റ് ഹൗസിൽ യുഡിഎഫ് നേതൃയോഗം ചേരുന്നത്. അനിൽ അക്കര, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി.