ആലുവ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ നടപടി ആരംഭിച്ചു. സുരക്ഷാ പരിശോധനക്ക് ഹാജരാകാതെയും സേഫ്ടി സ്റ്റിക്കർ പതിക്കാതെയും ജൂലൈയ് ഒന്ന് മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല. ടാക്സി, കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന ജൂൺ 13ന് പറവൂർ കവല ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ സുരക്ഷാ പരിശോധനയ്ക്ക് ഹാജരാകാതെയും സേഫ്ടി സ്റ്റിക്കർ പതിക്കാത്തതുമായ 18 വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചതായി ജോയിന്റ് ആർടിഒ സി.എസ്. അയ്യപ്പൻ അറിയിച്ചു. അതാത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
കുട്ടികളെ കയറ്റി സർവീസ് നടത്തുന്ന ടാക്സി, കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ സുരക്ഷിതമല്ലാത്ത ഒരു ‘ഇഐബി’ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. പെർമിറ്റും ടാക്സും ഇല്ലാതെ വിദ്യാർഥികളെ കയറ്റി സർവീസ് നടത്തിയ രണ്ട് കോൺട്രാക്ട് ഗാരേജ് വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
വിദ്യാർഥികളെ കയറ്റി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന ജൂൺ 13ന് പറവൂർ കവല ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. കഴിഞ്ഞ 30ന് ഹാജരാകാൻ കഴിയാതിരുന്ന ’ഇഐബി’ വാഹനങ്ങളും അന്നേദിവസം പരിശോധിക്കും.
സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കയറ്റി സർവീസ് നടത്തുന്നവരുടെ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എംവിഐ എ.എം. സിദ്ദിഖ്, എഎംവിഐ ബിനോയ് കുമാർ, സാജൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകുന്നുണ്ട്.