ഫ്രാങ്കോ ലൂയിസ്
തൃശൂർ: ശരീരത്തിന്റെ ഒരു ഭാഗം തളർന്നു തുടങ്ങിയ രോഗിയുടെ നട്ടെല്ലിന്റെ മുകൾഭാഗത്തെ ചെറുനാരങ്ങയോളം വലിപ്പമുള്ള മുഴ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലാണ് കേരളത്തിൽ അപൂർവമായ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്.
ന്യൂറോ സർജറി വിഭാഗം മേധാവിയും താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എസ്. രമേശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പത്തു മണിക്കൂർനീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തളർച്ചയ്ക്കു പുറമേ തരിപ്പും വേദനയും കൈകൾ ഉയർത്താൻ പ്രയാസവും മൂലമാണ് പാലക്കാട് നെല്ലായ സ്വദേശിനിയായ മൈമൂന ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്.
ആശുപത്രിയിലെ ജനറൽ ഒപിയിൽ ഫിസിഷ്യൻ ഡോ. ഫ്രാൻസി ലൂയിസിനെയാണ് ആദ്യം കണ്ടത്. പരിശോധനകൾ പൂർത്തിയാക്കിയതോടെ നട്ടെല്ലിലെ മുഴയാണു കാരണമെന്നു കണ്ടെത്തി. വിദഗ്ധ ചികിൽസയ്ക്കും ശസ്ത്രക്രിയക്കുമായി ന്യൂറോ സർജറിയിലേക്കു റഫർ ചെയ്യുകയായിരുന്നു.
കഴുത്തിനോടു ചേർന്നുള്ള നട്ടെല്ലിൽ കശേരുക്കളും അതിസൂക്ഷ്മമായ ഞരന്പുകളും അടങ്ങുന്ന ഭാഗത്ത് നാലു സെന്റീമീറ്റർ വലിപ്പമുള്ള മുഴ എത്രയുംവേഗം നീക്കണം. ഇല്ലെങ്കിൽ ശരീരം പൂർണമായും തളരുകയും ശ്വാസനാളം അടക്കമുള്ളവയുടെ പ്രവർത്തനം തടസപ്പെടുകയും ചെയ്യും.
ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കശേരുക്കളും സൂക്ഷ്മ ഞരന്പുകളും ധാരാളമുള്ള കഴുത്തിനു പിറകിലുള്ള പേശികൾ തുറന്നു ശസ്ത്രക്രിയ നടത്തുന്നതിനേക്കാൾ സുരക്ഷിതം താക്കോൽ ദ്വാര ശസ്ത്രക്രിയയാണെന്ന് താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എസ്. രമേശ് നിർദേശിച്ചു. ഈ രീതിയാണങ്കിൽ വളരെ കുറവു വേദന അനുഭവിച്ചാൽ മതിയാകും.
അതിവേഗത്തിൽ സുഖംപ്രാപിക്കും, വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം വിശ്രമിച്ചാൽ മതി, ശസ്ത്രക്രിയക്കിടെയുള്ള രക്തനഷ്ടം വളരെ കുറവാണ് തുടങ്ങിയ ഗുണങ്ങളുമുണ്ട്.കഴിഞ്ഞ മാസം 24 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൈമൂനയ്ക്കു 30 നാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. രമേഷ് രോഗിയുടെ നട്ടെല്ലിലെ മുഴ ചെറുതാക്കി പൊട്ടിച്ച് പുറത്തെടുക്കുകയായിരുന്നു.
ഡോ. എം.കെ. നന്നുകുമാർ, അനസ്തറ്റിസ്റ്റ് ഡോ. സുമേഷ്, ഡോ. മറിയം എന്നിവരും ശസ്ത്രക്രിയ നടത്തിയ വിദഗ്ധ സംഘത്തിലുണ്ടായിരുന്നു. പിറ്റേന്നുതന്നെ രോഗിക്ക് കഴുത്ത് എല്ലാ ദിശയിലേക്കും തിരിക്കാനും കൈകൾ ഉയർത്താനും സാധിച്ചു. രണ്ടാം തീയതി ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു പോകുകയും ചെയ്തു.
ഭീമമായ തുക മുടക്കി ആധുനികവും അതിസൂക്ഷമവുമായ ഉപകരണങ്ങൾ ആവശ്യമായതിനാൽ പല ആശുപത്രികളിലും താക്കോൽദ്വാര ശസ്ത്രക്രിയക്കു നിരക്ക് ഇരട്ടിയോളമാണ്. എന്നാൽ ജൂബിലി മിഷൻ ആശുപത്രിയിൽ നിരക്കു വ്യത്യാസമില്ലാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്.
നട്ടെല്ല് ഡിസ്ക്, നട്ടെല്ലിലെ മുഴ, നട്ടും ബോൾട്ടും ഉപയോഗിച്ച് നട്ടെല്ല് ഉറപ്പിക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ താക്കോൽദ്വാര വിദ്യയിലൂടെ ഡോ. രമേശിന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തുന്നുണ്ട്. തലച്ചോറിലും താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം.