ചാവക്കാട്: യുവർ ഓണർ… സമാനമായ കേസിൽ 20 വർഷം മുന്പ് ഈ കോടതി പറഞ്ഞ വിധിയുടെ പകർപ്പാണിത്. അന്ന് അങ്ങയുടെ മാതാവായിരുന്നു മജിസ്ട്രേറ്റ്.കാലഘട്ടത്തിന്റെ വിധിയിൽ അമ്മയ്ക്ക് പിന്നാലെ മകളും ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായി എത്തിയത് യാദൃശ്ചികം.
20 വർഷം മുന്പ് ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായിരുന്ന എ.വി. രത്നമ്മയുടെ മകൾ എം.എസ്.വീണക്കാണ് മാതാവിന്റെ കസേരയിൽ ഇരുന്ന് വിധി പറയാൻ അവസരം ലഭിച്ചത്.മാതാവ് രത്നമ്മ ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായിരുന്നപ്പോൾ കുട്ടിയായിരുന്ന വീണ അന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ വിദ്യാർഥിയായിരുന്നു.
2012ൽ പേരാന്പ്ര കോടതിയിൽ ഒൗദ്യോഗികജീവിതം ആരംഭിച്ച അവർ പിന്നീട് തൃശൂർ കോടതി നന്പർ മുന്നിൽ മുൻസിഫായി. കഴിഞ്ഞമാസം ചാവക്കാട് കോടതിയിൽ മുൻസിഫായി. രണ്ടാഴ്ച കഴിയുന്പോഴേക്കും ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റമായപ്പോഴാണ് അമ്മയുടെ കസേരയിൽ അതേ അധികാരത്തോടു കൂടി എത്തിയത്.
സുപ്രിം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി.ബാലകൃഷ്ണന്റെ സഹോദരഭാര്യയാണ് രത്നമ്മ.ചാവക്കാട് കോടതിയുടെ ചരിത്രത്തിൽ അപൂർവമാണ് മജിസ്ട്രേറ്റ് വീണയുടെ നിയമനമെന്ന് മുതിർന്ന അഭിഭാഷകൻ സി.ഐ.എഡിസൻ പറഞ്ഞു.