പുനലൂർ: നാടിനെയൊന്നടങ്കം ഞെട്ടിച്ച കെവിൻ വധക്കേസിൽ കോൺഗ്രസ് നേതാക്കളുടെ ബന്ധം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം പുനലൂർ ഏരിയാ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു. കെവിൻ വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തിൽ നീനുവിന്റെ സഹോദരനും അച്ഛനും പ്രതിയാണ്. അമ്മയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇവരെല്ലാം കോൺഗ്രസ് ബന്ധമുള്ളവരാണ്. പ്രതികളിൽ മറ്റു ചിലർക്കുംകോൺഗ്രസ് യൂത്ത് കോൺഗ്രസ് ബന്ധമുണ്ടെന്നത് പരസ്യമാണ്. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റും സി പി എം കുന്നിക്കോട് ഏരിയാ കമ്മിറ്റി അംഗവുമായ സി വിജയന്റെ വീട്ടിൽ അക്രമം നടത്തിയ കോൺഗ്രസ് ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു ഇപ്പോൾ കെവിൻ കേസിൽ അറസ്റ്റിലായ ഷെഫിൻ.
രാഷ്ട്രീയ വൈരാഗ്യം തീർക്കാനായിരുന്നു സി വിജയന്റെ വീട് കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചത്. കെവിൻ വധകേസിലെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ബന്ധം ഗൗരവമായി അന്വേഷിക്കണം. പ്രതികളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ഖാൻ ,ഡി സി സി അംഗം വെഞ്ചേമ്പ് സുരേന്ദ്രൻ എന്നിവർ ഫോണിൽ ബന്ധപ്പെട്ടതായി ആക്ഷേപമുയർന്നിട്ടുണ്ട്.
ഫോൺ കോൾ വിശദാംശത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ വീടുകൾ പോലീസ് പരിശോധിച്ചിരുന്നു .സഞ്ജയ് ഖാന്റെ ഭാര്യാമാതാവിന്റെ പേരിലുള്ള സിം കാർഡാണ് കോൾലിസ്റ്റിലുള്ളത്. ഇത് ഉപയോഗിക്കുന്നത് സഞ്ജയ് ഖാനാണെന്നാണ് സൂചന. ചില കോൺഗ്രസ് നേതാക്കളുമായുള്ള പ്രതികൾക്കുള്ള സാമ്പത്തിക ബന്ധവും ആരോപണങ്ങൾക്കിടയാക്കിയിട്ടുണ്ട്.
പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥൻ കോൺഗ്രസ് ബന്ധമുള്ളയാളാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായ അന്വേഷണമാണ് നടക്കേണ്ടത് എന്നും സിപി എം പുനലൂർ ഏരിയാ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു.