തളിപ്പറമ്പ്: സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ സ്കൂൾ ബസ് തടയലില്‍ നിന്ന് കീഴാറ്റൂരിലെ സിപിഎം പ്രാദേശിക നേതൃത്വം പിന്‍വാങ്ങി. ഇന്ന് രാവിലെ എല്ലാ സ്കൂള്‍ ബസുകളും കീഴാറ്റൂരിലെത്തി കുട്ടികളെ കയറ്റി. ഇന്നലെ കീഴാറ്റൂരിലേക്ക് സ്കൂള്‍ ബസുകള്‍ എത്തിയിരുന്നില്ല. ഇന്ന് രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് ഇരുവിഭാഗത്തെയും അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരം ചര്‍ച്ച നാളത്തേക്ക് മാറ്റി.
അതിനിടയിലാണ് ഇത്തരം പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഉന്നതന് തന്നെ പ്രാദേശിക സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് തടയലില്‍ നിന്നും കീഴാറ്റൂര്‍ എല്‍പി സ്കൂള്‍ സംരക്ഷണ സമിതി പിന്‍വാങ്ങി.
ഒന്നാം തീയതി മുതല്‍ തന്നെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സ്കൂള്‍ സംരക്ഷണസമിതിയുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വാഹനം അയക്കാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്കൂളില്‍ എത്തിക്കേണ്ട അവസ്ഥയായിരുന്നു.
സ്കൂല് ബസ് വരാതായതോടെ രാവിലെ ജോലിക്ക് പോകേണ്ട പലരും ജോലി ഉപേക്ഷിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള നെട്ടോട്ടത്തിലായിരുന്നു. ഒരുവിഭാഗം സിപിഎം പ്രവർത്തകരുടെ കുട്ടികളും മറ്റ് സ്കൂളുകളില്‍ പോയിരുന്നു.
വയല്‍ക്കിളി സമരം കീഴാറ്റൂരിലെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെ അസംതൃപ്തരാക്കിയിരുന്നു. അതിനേക്കാൾ വലിയപ്രശ്നമായി ഇത് മാറിയേക്കാമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. സിപിഎം നേതൃത്വത്തിലുള്ള സ്കൂള്‍ സംരക്ഷണസമിതിയുടെ നിലപാടിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിരുന്നത്.