റാന്നി: കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ. കേസന്വേഷണത്തിനു നിലവിലുള്ള തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തികഞ്ഞ പരാജയമാണെന്ന് ആക്ഷൻ കൗണ്‍സിൽ വിലയിരുത്തി.
ജെസ്നയെ കാണാതായിട്ട് 79 ദിവസം പിന്നിട്ടും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് യാതൊരു തുന്പും കണ്ടെത്താനായിട്ടില്ല. ഐജി മനോജ് ഏബ്രഹാം സംഘത്തിന്റെ മേൽനോട്ട ചുമതലയിലുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടില്ല.
കേസന്വേഷണച്ചുമതലയിൽ നിന്നു ഡിവൈഎസ്പിയെ മാറ്റിനിർത്തുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറും.നിരുത്തരവാദപരമായ അന്വേഷണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ വക്കച്ചൻ പൗവ്വത്തിൽ, നിഷ അലക്സ്, മീനു ഏബ്രഹാം, ജെയ്നമ്മ തോമസ്, ആക്ഷൻ കൗണ്‍സിൽ നേതാക്കളായ കെ.കെ.എസ്. ദാസ്, ഷാജി കാരക്കാട്ടിൽ, സാബു തെങ്ങട, സോണി കൊണ്ടൂർ, കൃഷ്ണൻകുട്ടി നായർ, ബിജു വെട്ടിക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
സിബിഐ അന്വേഷിക്കണം
റാന്നി: വെച്ചൂച്ചിറയിലെ ജെസ്ന തിരോധാനക്കേസും കോട്ടയം കെവിൻ കേസും സിബിഐ അന്വേഷിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കോമളൻ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.