റാന്നി: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ കാൽ മകൻ തല്ലിയൊടിച്ചു. പരിക്കേറ്റ വെച്ചൂച്ചിറ പരുവ മാടത്തുങ്കൽ വീട്ടിൽ ബിജു ( 37)വിനെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ഇയാൾക്ക് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇവിടെയെത്തിയ ബിജു ഇവരെയും കൂട്ടി അടുത്തുള്ള തോട്ടത്തിലേക്ക് പോവുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം വീട്ടിലെത്തിയ മകൻ അമ്മയെ കാണാതെ വന്നപ്പോൾ തിരക്കിയിറങ്ങുന്നതിനിടയിലാണ് പീഡനം ശ്രമം കണ്ടത്.
തുടർന്ന് യുവാവിനെ ആക്രമിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും എത്തിയില്ല. പിന്നീട് പോലീസ് തന്നെയാണ് ആംബുലൻസ് വരുത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.