ബർലിൻ: ജർമനിയുടെ മധ്യനിരതാരം മെസ്യൂട്ട് ഓസിലിന്റെ പരിക്കിൽ ആശങ്ക. മുട്ടിനേറ്റ പരിക്കാണ് ഓസിലിനെ വിഷമിപ്പിക്കുന്നത്. പരിക്കിനെത്തുടർന്ന് ഓസിലിന് ഇറ്റലിയിലെ എപ്പാനിൽ നടന്ന ജർമൻ ടീമിന്റെ പരിശീലന സെഷന്റെ ഭൂരിഭാഗവും നഷ്ടമായിരുന്നു. ഇന്നലെ ടീമിനൊപ്പം വാംഅപ്പ് നടത്തിയെങ്കിലും പരിശീലനം തനിയെയാണ് നടത്തിയത്.
ഓസിലിന്റെ പരിക്കിൽ ആശങ്കയുണ്ടെന്ന് പരിശീലകൻ ജോകിം ലോ പറഞ്ഞു. 17ന് മെക്സിക്കോയ്ക്കെതിരേയാണ് ജർമനിയുടെ ആദ്യ മത്സരം. ഓസ്ട്രിയയ്ക്കെതിരേയുള്ള സന്നാഹമത്സരത്തിൽ ഓസിൽ ഇറങ്ങുകയും ഗോൾ നേടുകയും ചെയ്തിരുന്നു. എന്നാൽ, മത്സരം മുഴുവൻ പൂർത്തിയാക്കാതെ 76-ാം മിനിറ്റിൽ പിൻവലിക്കേണ്ടിവന്നു.