സെബി മാളിയേക്കൽ
തൃശൂർ: കേരള തീരത്തെ ട്രോളിംഗ് നിരോധനം ഇന്നു അർധരാത്രി നിലവിൽവരും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 30നാണ് സമാപിക്കുക. മുൻവർഷങ്ങളെ അപേക്ഷിച്ച് പരന്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഇത്തവണ ചില പുതിയ നിബന്ധനകൾ വച്ചിട്ടുണ്ട്. നാല്പതോ അന്പതോ മത്സ്യതൊഴിലാളികൾ പോകുന്ന മത്സബന്ധന വള്ളങ്ങൾക്കൊപ്പം ഇത്തവണ ഒരു ഡിങ്കിക്കു മാത്രമേ പോകാനാകൂ.
മുൻ വർഷങ്ങളിൽ മൂന്നും നാലും ഡിങ്കികൾക്കു പോകാമായിരുന്നു. (വള്ളങ്ങളിൽ ലഭിക്കുന്ന മീനുകൾ അപ്പപ്പോൾ കരയിലേക്കു കൊണ്ടുവരാൻ ഉപയോഗിക്കുന്ന ചെറു ചരക്കുവള്ളമാണ് ഡിങ്കി).രാത്രികാലങ്ങളിൽ മീൻപിടിക്കാൻ നിയമം അനുവദിക്കാത്തതിനാൽ പുലർച്ചെ നാലരയോടെയാണ് വള്ളങ്ങൾ മത്സ്യബന്ധനത്തിനായി പുറപ്പെടുക. ദൂരപരിധിയില്ലാത്തതിനാൽ മത്സ്യം എവിടെ കിട്ടുമെന്നുനോക്കി യാണു യാത്ര.
സാധാരണ 20 ഉം 25 ഉം നോട്ടിക്കൽ മൈൽ (37-46 കിലോമീറ്റർ) അകലെയാണ് മത്സ്യബന്ധനം. ചില സമയങ്ങളിൽ വല നിറയെ മത്സ്യങ്ങൾ ലഭിക്കാറുണ്ടെന്നു പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ മീനുകൾ ലഭിച്ചാൽ ഇത്തവണ തങ്ങൾ കഷ്ടത്തിലാകുമെന്നാണ് ഇവരുടെ അഭിപ്രായം.
മറ്റു വള്ളക്കാരെ വിളിച്ച് അവർക്കു നൽകേണ്ടിവരും. ഒരു വള്ളം ഒരു പ്രാവശ്യം കടലിൽപ്പോയി തിരിച്ചുവന്നാൽ പിന്നെ പോകാൻ പാടില്ലെന്നതാണ് ഇവർക്കിടയിലെ പരന്പരാഗതമായ വിശ്വാസം. അതിനാൽ അതിനാരും മുതിരില്ല. തന്നെയുമല്ല, എത്രയും നേരത്തെ കരയ്ക്കെത്തിക്കുന്ന മീനിനാണ് ഏറ്റവും കൂടിയ വില ലഭിക്കുക.
അതിനാൽ ആദ്യം കിട്ടുന്ന മീൻ ഡിങ്കിയിൽ ഉടൻ കരയിലെത്തിക്കാൻ എല്ലാവരും ശ്രമിക്കും. പിന്നീട് കിട്ടുന്ന മീൻ ഡിങ്കി തിരികെയെത്തിയാലെ മീൻ കൊടുത്തുവിടാനാകൂ. അല്ലെങ്കിൽ മീനുമായി തിരികെപ്പോരുകയേ ഈ നിയമം ഉള്ളതിനാൽ വഴിയുള്ളൂവെന്ന് ഇവർ പറയുന്നു.
ഒാഖി ദുരന്തത്തിനുശേഷം കടൽ പലപ്പോഴും പ്രക്ഷുബ്ധമാകുന്നതിനാൽ കടലിലിറങ്ങരുതെന്ന കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശവും ഇടയ്ക്കിടെയുണ്ട്. അതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ കടലിൽ പോകാനാവൂ എന്ന സാഹചര്യത്തിലാണ് പുതിയ നിയമമെന്നും പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
പോലീസും ഫിഷറീസും സംയുക്തമായി കർശന പരിശോധന നടത്തുമെന്നും മാനദണ്ഡങ്ങളനുസരിച്ചു മാത്രമേ മത്സ്യബന്ധനം അനുവദിക്കൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ചാവക്കാട് കോസ്റ്റൽ സിഐയും അറിയിച്ചു.കരയോടുചേർന്ന് നാലോ അഞ്ചോപേർ മാത്രം മീൻ പിടിക്കാൻ പോകുന്ന ചെറുവഞ്ചികൾ ചെറുമത്സ്യം പിടിക്കരുതെന്നും ചെറിയ കണ്ണിവല ഉപയോഗിക്കരുതെന്നും കർശന നിർദേശമുണ്ട്.