ഇരിങ്ങാലക്കുട: നഗരസഭയുടെ വനിത വ്യവസായകേന്ദ്രം നാശത്തിന്റെ വക്കിൽ. ഇരിങ്ങാലക്കുട ആസാദ് റോഡിൽ ജവഹർ കോളനിയിൽ പണികഴിച്ച വനിതാ വ്യവസായ കേന്ദ്രത്തിനാണു ഈ ദുർഗതി. 2014 ഫെബ്രുവരി 14 ന് അന്നത്തെ മന്ത്രി കെ. ബാബുവാണ് വനിതാ വ്യവസായകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ഈ കെട്ടിടങ്ങളുടെ മര ഉരുപ്പിടികളും ഷട്ടറും മറ്റും നശിച്ച് ഇല്ലാതാകുകയാണ്. 35 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കുവേണ്ടി നിർമിച്ച ഈ വ്യവസായ പരിശീലന കേന്ദ്രത്തിൽ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഉദ്ഘാടന വേളയിൽ 30 തയ്യൽ മെഷീനുകൾ സ്ഥാപനത്തിൽ കൊണ്ടുവന്നിരുന്നെന്ന് പറയുന്നു. അവയും തുരുന്പെടുത്ത് നാശത്തിന്റെ വക്കിലെത്തി. ഈ കേന്ദ്രം എന്തിനാണു പണിതിരിക്കുന്നതെന്നോ, നഗരസഭയുടേതു തന്നെയാണോ ഈ കെട്ടിടമെന്നുപോലും അറിയാത്ത നഗരസഭാ അധികൃതർ ഇതേകുറിച്ച് നൽകിയ പരാതികൾ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇപ്പോൾ ഈ കെട്ടിടം കാടുകയറിയ നിലയിലാണ്. വാതിലുകൾ പലതും തകർന്നു. നഗരസഭയിലെ കോണ്ട്രാക്ടർമാരുടെ കീഴിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ ഇടക്കിടെ കൊണ്ടു വന്നു പാർപ്പിക്കാറുണ്ട്. പരിസരവാസികൾ പരാതി പറഞ്ഞാൽ ഇവരെ മാറ്റി താമസിപ്പിക്കും.
കാടുപിടിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ സ്ഥിരം താമസക്കാർ ഇഴജന്തുക്കളാണ്. നഗരസഭയുടെ ഭരണതലത്തിൽ ചെയർപേഴ്സണ് ഒരു വനിത ആയിരിക്കുന്പോൾ തന്നെ വനിതകൾക്കായി പണിത വ്യവസായ പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നതിൽ പലരും വിമർശിക്കുന്നുണ്ട്.
ഇത് തുറക്കണമെന്ന് പലപ്പോഴും ആവശ്യപ്പെടുന്ന പ്രതിപക്ഷാംഗങ്ങൾക്കു പോലും ഇതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നുള്ളതാണ് ഏറെ വിരോധാഭാസം.