പാലക്കാട്: ചിറ്റൂർ പുഴ ജലസേചന പദ്ധതിയി ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാൻ പെരുവെന്പ് പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും സ്ഥലം സന്ദർശിച്ച് കർഷകരെ നേരിൽകണ്ട് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കർഷകരെ നേരിൽ കാണാതെയും പദ്ധതി പ്രദേശം സന്ദർശിക്കാതെയും കമ്മീഷനിൽ റിപ്പോർട്ട് നൽകുന്ന രീതി ഉചിതമല്ലെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ വിമർശിച്ചു. ചിറ്റൂർ സ്വദേശി ടി.പി നടരാജൻ നല്കിയ പരാതിയിലാണ് നടപടി.
പെരുവെന്പ് പഞ്ചായത്തിലെ കറുകമണി പ്രദേശത്തെ എണ്പതിൽപരം പാടശേഖരങ്ങളിൽ ജലദൗർലഭ്യം കാരണം കർഷകർ ദുരിതമനുഭവിക്കുന്നുവെന്നാണ് പരാതി. അലങ്കാരതോട്ടിൽ തടയണ കെട്ടിയുള്ള കറുകമണി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 1999-2000- വിഭാവനം ചെയ്തതാണെന്ന് പെരുവെന്പ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ പ്രാദേശിക പ്രശ്നങ്ങൾ കാരണം പദ്ധതി നടന്നില്ല. 2014-15-ൽ പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിച്ചു. എന്നൽ പണ്ട് സ്ഥാപിച്ച മോട്ടോറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തനരഹിതമായി. ഇവ പ്രവർത്തിപ്പിക്കുന്നതിന് 2018-19 ലെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും ഫണ്ട് കണ്ടെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി രൂപരേഖ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസറും കമ്മീഷനെ അറിയിച്ചു. 19 വർഷമായി ഒരു പദ്ധതി പഞ്ചായത്ത് പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ വിമർശിച്ചു.