കൊല്ലം: ജില്ലയിലെ വെളിയത്തിനടുത്ത് കായില ഗ്രാമം എന്‍. കമലാസനന് എന്ന മനുഷ്യ സ്നേഹിയുടെ വലിയ മനസിന് മുന്നില്‍ നമിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 83 സെന്റ് ഭൂമിയും ഇരുനില വീടുമാണ് ഈ റിട്ടയേര്‍ഡ് അധ്യാപകന് സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയത്.
മകളുടെ ഓര്‍മയ്ക്കായാണ് കമലാസനനും അദ്ദേഹത്തിന്റെ ഭാര്യ സി.കെ. സരോജിനിയും ഈ തീരുമാനമെടുത്തത്. കമ്യൂണിസ്റ്റ് നേതാവ് സി.എച്ച്. കണാരന്റെ മൂത്തമകളാണ് സരോജിനി. ഭിന്നശേഷിക്കാരായവര്‍ക്ക് താമസവും പരിചരണവും ഒരുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പുതന്നെ ഇവിടം ഏറ്റെടുക്കണമെന്ന ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടു വച്ചത്.
ഇതനുസരിച്ച് പി. അയിഷാ പോറ്റി എംഎല്‍എ വീടിന്റെ താക്കോലും പ്രമാണവും ഏറ്റുവാങ്ങി. അത്യപൂര്‍വമായ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാനായതെന്നും ഈ കുടുംബത്തിന്റെ കാരുണ്യമാതൃക സമൂഹത്തിന് പ്രചോദനമാകട്ടെയെന്നും വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ പറഞ്ഞു. വിട്ടുകിട്ടിയ ഭൂമിയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പും എംഎല്‍എ നല്കി.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മധുകുമാര്‍, വെളിയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പവിഴവല്ലി, പഞ്ചായത്ത് അംഗങ്ങളായ അനുരൂപ്, വസന്തകുമാരി, കെ. ജഗദമ്മ, ് സുഭാഷ് കുമാര്‍, ജില്ലാ ഓഫീസര്‍ എസ്. സബീനാ ബീഗം, രാഷ്ട്രീയ കക്ഷി നേതാക്കള്‍, കുടുംബശ്രീ, ആംഗൻണവാടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.