കണ്ണൂർ: കനത്തകാറ്റിൽ കണ്ണൂർ നഗരത്തിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് തകർന്നുവീണു. ഒരു ലോട്ടറി സ്റ്റാളും രണ്ട് വാഹനങ്ങളും വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ഫ്ലക്സ് വീണതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. എന്നാൽ, വൈദ്യുതിബന്ധം വിച്ഛേദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കനത്തകാറ്റിൽ ഓഫീസേഴ്സ് ക്ലബ് കോന്പൗണ്ടിലെ കൂറ്റൻ ഫ്ലക്സ് ബോർഡ് നിലംപതിക്കുകയായിരുന്നു. കൂടാളിയിലെ അബ്ദുറഹ്മാന്റെ (45) ലോട്ടറി സ്റ്റാളും സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറും ഓട്ടോറിക്ഷയുമാണ് തകർന്നത്.
ഭിന്നശേഷിക്കാരനായ അബ്ദുറഹ്മാനെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഓഫീസേഴ്സ് ക്ലബിന്റെ മതിലും തകർന്നിട്ടുണ്ട്.ഫയർഫോഴ്സും പോലീസും ചേർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. തൊട്ടരുകിൽ മറ്റൊരു ഫ്ളക്സും കാറ്റിൽ ചെരിഞ്ഞുനിൽപ്പുണ്ട്. സംഭവസ്ഥലം മേയർ ഇ.പി.ലത സന്ദർശിച്ചു. നഗരത്തിലെ അപകടകരമായ ഫ്ലക്സുകൾ നീക്കംചെയ്യാൻ നിർദേശം നൽകിയതായി മേയർ പറഞ്ഞു.