കോട്ടയം: കെവിൻ കൊലക്കേസിലെ പ്രതി പൊലീസ് വാഹനത്തിലിരിക്കെ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്.
സംഭവത്തിൽ ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
എഎസ്ഐ, സീനിയർ സിപിഒ, രണ്ടു സിപിഒമാർ എന്നിവരുടെ മൊഴിയെടുത്തു. ഇത്രയും പോലീസുകാർ അടുത്തുള്ളപ്പോൾ പ്രതികൾ ഫോണിൽ സംസാരിച്ചത് തികച്ചും അസാധാരണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വീഴ്ച വരുത്തിയവർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. വളരെ പെട്ടെന്നാണ് പ്രതി വാഹനത്തിൽനിന്ന് തല പുറത്തേക്കിട്ട് സംസാരിച്ചതെന്നും ശ്രദ്ധയിൽപെട്ടയുടൻ പിന്തിരിപ്പിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.