കടുത്തുരുത്തി: ആദ്യവിവാഹം മറച്ചുവച്ചു രണ്ടാം വിവാഹം നടത്തിയ യുവാവിനെ ആദ്യഭാര്യയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കൊട്ടാരക്കര ജ്യോതിസ് ഭവനിൽ ജ്യോതിഷ് (35) ആണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. ഞീഴൂർ കാട്ടാന്പാക്ക് സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയെ ഇന്നലെ ഉച്ചയോടെ കാട്ടാന്പാക്കിലെ ഓഡിറ്റോറിയത്തിൽ വച്ചു ജ്യോതിഷ് താലി ചാർത്തിയിരുന്നു.
ഈ സമയം ഇവിടെയെത്തിയ ഇയാളുടെ ആദ്യ ഭാര്യയായ വിതുര സ്വദേശിനിയും പിതാവും വിവാഹവേദിയിലെത്തി വിവാഹം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടു. ഇവർക്കൊപ്പം നാട്ടുകാരും കൂടിയതോടെ പോലീസ് സ്ഥലത്തെത്തി നവവരനെ കസ്റ്റഡിയിലെടുത്തു.
അമ്മയും വല്ല്യച്ചനും മാത്രമാണ് വരന്റെ ആളുകളായി വിവാഹത്തിനുണ്ടായിരുന്നത്. 2012 ജനുവരി 12 നാണ് വിതുര സ്വദേശിയായി യുവതിയുമായി ജ്യോതിഷ് വിവാഹം ചെയ്തത്. മൂന്ന് വർഷം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായും തന്റെ പിതാവിന്റെ പേരിലുള്ള രണ്ടര ഏക്കർ ഭൂമി ഇയാൾക്ക് വിട്ട് നൽകണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭർതൃവീട്ടിൽ നിന്നും തന്നെ ഇറക്കിവിട്ടതായും ആദ്യ ഭാര്യ പറഞ്ഞു.
പിന്നീട് ആദ്യഭാര്യ കുടുംബകോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തതോടെ ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ബി ടെക് യോഗ്യതയുണ്ടെന്ന് പറയുന്ന ജ്യോതിഷ് ഗുജറാത്തിലെ ഒരു കന്പനിയിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് തന്നെ വിവാഹം കഴിച്ചതെന്നും 53 പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും തന്റെ ബന്ധുക്കളുടെ കൈയ്യിൽ നിന്നും ഇയാൾ വിവാഹത്തോടനുബന്ധിച്ചു വാങ്ങിച്ചതായും വിതുര സ്വദേശിനി പറയുന്നു.
ആദ്യ ഭാര്യയുമായി അകന്നു കഴിയുകയാണെന്ന വിവരം മറച്ചുവച്ചു കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്ന കാട്ടാന്പാക്ക് സ്വദേശിനിയുമായി വിദേശത്തുവച്ച് ഇയാൾ അടുപ്പത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും നവവധുവിന്റെ ബന്ധുക്കൾ പറയുന്നു.
സംഭവം സംബന്ധിച്ചു യുവാവിനെതിരെയും ഇയാളുടെ അമ്മയ്ക്കെതിരെയും കേസെടുത്തതായും പോലീസ് അറിയിച്ചു. സമാന രീതിയിൽ കൂടുതൽ വിവാഹ തട്ടിപ്പുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ് അറിയിച്ചു.