വിഴിഞ്ഞം: ശക്തമായി വീശിയടിച്ച കാറ്റിൽ വീടിന്റെ ഷീറ്റിട്ട മേൽകൂര പറന്നു പോയി. ഷീറ്റിനൊപ്പംതൊട്ടിലിൽ തൂങ്ങിക്കിടന്നപിഞ്ചു ബാലൻ പരിക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാറിന്റെയും ഷീബയുടെയും മകൻ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര പറന്നുപൊങ്ങി.
കൂട്ടത്തിൽ മേൽകൂരയിൽ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്നപിഞ്ചു ബാലനും തൊട്ടിലോടെ കാറ്റിൽ പറന്നുപോയി. എന്നാൽ വീടിനോട് ചേർന്ന് നിന്ന തെങ്ങിൽ തട്ടി ഷീറ്റ് നിന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.
സംഭവ സമയം ഷീബയും മറ്റ് രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി കാറ്റിൽ വീടിന്റെ മേൽകൂരയടക്കം പറന്നു പൊങ്ങുന്നത് കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്പരന്ന ഷീബ പെട്ടെന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തു.
ഏണി ഉപയോഗിച്ച് തെങ്ങിൽ തട്ടിനിന്ന ഷീറ്റിൽ തൂങ്ങിക്കിടന്ന തൊട്ടിലിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ച് പരിക്കോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തി.