മങ്കൊന്പ്: ഓണ്‍ലൈൻ തട്ടിപ്പിലൂടെ കുട്ടനാടു സ്വദേശിനിയായ വീട്ടമ്മയ്ക്കു പണം നഷ്ടമായതായി പരാതി. കൈനകരി അറയ്ക്കത്തറ രാജമ്മ (68)യാണ് തട്ടിപ്പിനിരയായത്.
ഇവരുടെ പേരിൽ കൈനകരി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ ഓൺലൈനായി കവർന്നതത്രേ. ഇവർ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. കഴിഞ്ഞ 24 മുതലാണ് ഇവരുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടാൻ തുടങ്ങിയത്.
പല തവണകളിലായി 50 രൂപ മുതൽ 2,000 രൂപ വരെ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ അന്‍പതിനായിരത്തിലേറെ രൂപയാണ് നഷ്ടപ്പെട്ടത്.
നെല്ലുവിലയിനത്തിൽ പിആർഎസ് വായ്പാ പദ്ധതി വഴി ലഭിച്ച തുകയും പല തവണകളായി ലഭിച്ച പെൻഷൻ തുകയും അടക്കം എണ്‍പതിനായിരത്തോളം രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പണമെടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കുന്നത്.
കേവലം 27,000 രൂപ മാത്രമാണ് ഇവരുടെ അക്കൗണ്ടിൽ ഇനിയും ബാക്കിയുള്ളത്. എന്നാൽ, വണ്‍ ടൈം പാസ്വേർഡ് (ഒടിപി) ചോദിച്ചോ എടിഎം കാർഡിന്റെ പിൻനന്പർ ചോദിച്ചോ ആരും വിളിച്ചിട്ടില്ലെന്നും രാജമ്മ പറയുന്നു.
തട്ടിപ്പിനിരയായ വിവരം രാജമ്മ ബാങ്കധികൃതരെ അറിയിച്ചപ്പോൾ അവർ കൈമലർത്തിയതായി രാജമ്മ പറയുന്നു. പോലീസിൽ പരാതി നൽകാനാണു ബാങ്കുകാർ നിർദേശിച്ചത്.