രണ്ടു പതിറ്റാണ്ട് കാലത്തെ സേവനം അവസാനിപ്പിച്ച് യാഹൂ മെസഞ്ചർ വിടപറയുന്നു. ഇൻസ്റ്റന്റ് മെസേജിംഗ് സംവിധാനത്തിലെ ആദ്യകാല പ്ലാറ്റ്ഫോമുകളിലൊന്നായ യാഹൂ മെസഞ്ചർ ജൂലൈ 17നു ശേഷം നിശ്ചലമാകും. യാഹൂ മെസഞ്ചറിന്റെ ഉപയോക്താക്കൾ പുതിയ ഗ്രൂപ്പ് മെസേജിംഗ് ആപ്പായ സ്ക്വുരലിലേക്ക് മാറണമെന്നാണ് കന്പനിയുടെ നിർദേശം.
പുതിയ ആപ്ലിക്കേഷനിലേക്ക് മാറുന്പോൾ യാഹൂ മെസഞ്ചറിലെ ആറു മാസം വരെയുള്ള ചാറ്റ് ഹിസ്റ്ററി ഉപയോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും. കഴിഞ്ഞ മാസമാണ് പുതിയ മെസേജിംഗ് ആപ്പായ സ്കുരലിന്റെ ബീറ്റാ പതിപ്പ് യാഹൂ അവതരിപ്പിച്ചത്. ജൂലൈ 17ന് യാഹൂ മെസഞ്ചർ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള സ്കുരൽ ലോകമെന്പാടുമുള്ളവർക്ക് ലഭ്യമായിത്തുടങ്ങും.
യാഹൂ മെസഞ്ചർ, ആദ്യ മെസഞ്ചർ ആപ്
1998 മാർച്ച് ഒന്പതിനാണ് യാഹൂ മെസഞ്ചർ ആദ്യമായി അവതരിപ്പിച്ചത്. പ്രാരംഭഘട്ടത്തിൽ യാഹൂ പേജർ എന്നറിയപ്പെട്ടിരുന്ന ആപ് 1999 ജൂൺ 21ന് യാഹൂ മെസഞ്ചർ എന്ന പേരിലേക്ക് മാറുകയായിരുന്നു. സ്മാർട്ട്ഫോണുകളും മൊബൈൽ ആപ്ലിക്കേഷനുകളും പ്രചാരത്തിലാകുന്നതിനു മുന്നേ യാഹൂ മെസഞ്ചർ ജനപ്രീതി നേടിയെ മെസഞ്ചർ ആപ്ലിക്കേഷനായിരുന്നു.
വൺ ഓൺ വൺ മസേജിംഗ് കൂടാതെ യാഹൂ അവതരിപ്പിച്ച ചാറ്റ് റൂം എന്ന ഗ്രൂപ്പ് മെസേജിംഗ് സംവിധാനത്തിനും ജനപ്രീതി ഏറെയുണ്ടായിരുന്നു. എന്നാൽ, 2012ൽ ഈ ചാറ്റ് റൂമൂകൾ യാഹൂ ഉപേക്ഷിച്ചു.